കാപ്പിയോ ചായയോ കുടിച്ചുകൊണ്ടാകും നമ്മുടെ ഒരു ദിവസം ആരംഭിക്കുന്നത് തന്നെ. നിര്‍ഭാഗ്യവശാല്‍, ഇവ രണ്ടും കാലക്രമേണ പല്ലുകളില്‍ കറയും നിറവ്യത്യാസവും ഉണ്ടാക്കുമെന്നതില്‍ തര്‍ക്കമില്ല. കഫീന്‍ പാനീയങ്ങള്‍ ഒഴിവാക്കാതെ തന്നെ പല്ലുകളിലെ കറ ഒഴിവാക്കാന്‍ ചില മാര്‍ഗങ്ങളുണ്ട്.

1 ) ചായയോ കാപ്പിയോ കുടിച്ചാല്‍ വായ കഴുകുക

കാപ്പിയോ ചായയോ കുടിച്ച ശേഷം, ഉറപ്പായും വെള്ളമുപയോഗിച്ച് വായ കഴുകുക എന്നതാണ് പല്ലുകളില്‍ കറ പിടിക്കാതിരിക്കാനുള്ള ഏറ്റവും ഫലപ്രദമായ രീതി. 

പല്ലില്‍ അടിഞ്ഞുകൂടുന്നതിന് മുമ്പ് നിങ്ങളുടെ വായില്‍ നിന്ന് കളറന്റുകളും ആസിഡുകളും നീക്കംചെയ്യാന്‍ ഇത് സഹായിക്കും.

അല്ലെങ്കില്‍ കാപ്പിയോ ചായയോ കഴിഞ്ഞയുടനെ ഒരു ഗ്‌ളാസ് വെള്ളം കുടിക്കുന്നതും പ്രയോജനപ്രദമാണ്. ഇത് പല്ലുകളുടെ ആരോഗ്യം നിലനിര്‍ത്തുകയും ചെയ്യുന്നു.

2) പതിവായി പല്ല് തേക്കുക

ദിവസത്തില്‍ രണ്ടുതവണയെങ്കിലും ബ്രഷ് ചെയ്യുക, കറ കുറയ്ക്കാന്‍ പ്രത്യേകം രൂപകല്‍പ്പന ചെയ്ത ടൂത്ത് പേസ്റ്റ് ഉപയോഗിക്കുക. ഹൈഡ്രജന്‍ പെറോക്‌സൈഡ് പോലുള്ള സജീവ ചേരുവകളുള്ള ടൂത്ത് പേസ്റ്റുകള്‍ നിറവ്യത്യാസങ്ങള്‍ നീക്കംചെയ്യാന്‍ സഹായിക്കുന്നു.

3) പഞ്ചസാരയും പാലും ഒഴിവാക്കുക

പഞ്ചസാരയോ പാലോ ഇല്ലാതെ കാപ്പിയോ ചായയോ കുടിക്കുന്നത് നിങ്ങളുടെ ശരീരത്തിന് ആരോഗ്യകരം മാത്രമല്ല, പല്ലുകള്‍ക്കും നല്ലതാണ്. പല്ല് നശിക്കുന്നതില്‍ പഞ്ചസാര ഒരു പ്രധാന ഘടകമാണ്. കാപ്പിയിലോ ചായയിലോ പാല്‍ ചേര്‍ക്കുന്നത് വായിലെ ബാക്ടീരിയകളുടെ പ്രജനനത്തിന് കാരണമാകും. ഇത് പ്ലാക്ക് അടിഞ്ഞുകൂടുന്നതിനും ഒടുവില്‍ നിറവ്യത്യാസത്തിനും കാരണമാകും.

4) ഉപഭോഗം പരിമിതപ്പെടുത്തുക

കാപ്പിയും ചായയും രുചികരമായ പാനീയങ്ങളാണെങ്കിലും, അവ കാലക്രമേണ പല്ലില്‍ പ്ലാക്കും കറയും ഉണ്ടാക്കും. നിങ്ങള്‍ കുടിക്കുന്ന അളവ് പരിമിതപ്പെടുത്തുന്നത് നിറവ്യത്യാസം തടയാന്‍ ഉചിതമാകും.

5) ദന്തഡോക്ടര്‍മാരുടെ സന്ദര്‍ശനങ്ങള്‍

പതിവായി ബ്രഷ് ചെയ്യുന്നതിനും വായ കഴുകുന്നതിനും പുറമേ, പ്രൊഫഷണല്‍ ക്ലീനിംഗിനായി ദന്തഡോക്ടറെ സന്ദര്‍ശിക്കേണ്ടത് പ്രധാനമാണ്. കാലക്രമേണ അടിഞ്ഞുകൂടിയ കഠിനമായ കറകള്‍ നീക്കം ചെയ്യാന്‍ ദന്തഡോക്ടര്‍മാര്‍ക്ക് കഴിയും. പ്രൊഫഷണല്‍ ക്ലീനിംഗ് പല്ലുകള്‍ വെളുപ്പിക്കാന്‍ സഹായിക്കുമെന്നതിലും തര്‍ക്കമില്ല. 

LEAVE A REPLY

Please enter your comment!
Please enter your name here