തിരുവനന്തപുരം | ഏറ്റവും സുരക്ഷിതമെന്ന് കരുതുന്ന മുലപ്പാലില്‍ പോലും ഉയര്‍ന്ന അളവിലുള്ള വിഷ ലോഹങ്ങളുടെ സാന്നിധ്യമുണ്ടെന്നും ഇത് കുഞ്ഞുങ്ങളുടെ വളര്‍ച്ചയെ തടയുന്നൂവെന്നും പഠനറിപ്പോര്‍ട്ട്. ഗ്വാട്ടിമാലയിലെ അമ്മമാരില്‍ നിന്നുള്ള മുലപ്പാലിലെ സാമ്പിളുകളില്‍ ഉയര്‍ന്ന അളവിലുള്ള ലെഡ്, ആര്‍സെനിക് എന്നിവ കണ്ടെത്തി. ഇവയുടെ സാന്നിധ്യം ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ പരിധി കവിയുന്ന അളവിലുള്ളതാണ്.
മുലപ്പാലിലെ വിഷ ലോഹങ്ങള്‍ ശിശുക്കളുടെ വളര്‍ച്ചയെ തടസ്സപ്പെടുത്തുന്നൂവെന്ന് ഈ പഠനം പറയുന്നു. മലിനമായ കുടിവെള്ളത്തില്‍ നിന്നാണ് അമ്മമാരിലെ മുലപ്പാലില്‍ വിഷലോഹസാന്നിധ്യം ഉണ്ടായതെന്നും പഠനം ചൂണ്ടിക്കാട്ടുന്നു. വിഷ ലോഹ സാന്നിധ്യമുള്ള മുലപ്പാല്‍ ഉള്ളിലെത്തിയാല്‍ ആറുമാസത്തില്‍ താഴെയുള്ള ശിശുക്കളുടെ നാഡീവ്യവസ്ഥയുടെ വികാസവും രോഗപ്രതിരോധ പ്രവര്‍ത്തനവും തടസ്സപ്പെടുമെന്ന് യുഎസിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകര്‍ പറഞ്ഞു. ഗ്വാട്ടിമാലയിലെ ലേക്ക് ആറ്റിറ്റ്‌ലാന്‍ നീര്‍ത്തട മേഖലയിലെ മായന്‍ സ്ത്രീകളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സംഘം, അമ്മമാരില്‍ മുലപ്പാലില്‍ ലോകാരോഗ്യ സംഘടനയുടെ സുരക്ഷാ മാനദണ്ഡങ്ങള്‍ കവിയുന്ന ആര്‍സെനിക്കിന്റെയും ലെഡിന്റെയും സാന്ദ്രത കണ്ടെത്തുകയായിരുന്നു.
പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ ഏറ്റവും കൂടുതല്‍ വളര്‍ച്ചാ മുരടിപ്പ് കണ്ടെത്തിയത് ഗ്വാട്ടിമാലയിലാണ്. പോഷകാഹാരക്കുറവും അണുബാധയും പലപ്പോഴും ഇതിന് മുരടിപ്പിന് കാരണമാകുന്നു. കുടിവെള്ളത്തിലെ ഉയര്‍ന്ന അളവിലുള്ള ലോഹങ്ങള്‍ കൊച്ചുകുട്ടികളിലെ വികസന, നാഡീ, പഠന പ്രശ്നങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് പല പഠനങ്ങളും കണ്ടെത്തിയിട്ടുണ്ട്. എന്‍വയോണ്‍മെന്റല്‍ പൊല്യൂഷന്‍ എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിനായി, ഗവേഷണ സംഘം നാല് വ്യത്യസ്ത ലേക്ക് ആറ്റിറ്റ്‌ലാന്‍ കമ്മ്യൂണിറ്റികളില്‍ നിന്നുള്ള 80 അമ്മമാരെയും അവരുടെ കുഞ്ഞുങ്ങളെയും പഠനവിധേയമാക്കി. ശാസ്ത്രജ്ഞര്‍ അമ്മമാരില്‍ നിന്നുള്ള മുലപ്പാല്‍ സാമ്പിളുകള്‍ വിശകലനം ചെയ്യുകയും ശിശുക്കളുടെ പൊക്കം അളക്കുകയും ചെയ്തു.