കടലൂര്‍ | തമിഴ്‌നാട്ടില്‍ സ്‌കൂള്‍ വാനില്‍ ട്രെയിന്‍ ഇടിച്ച് മൂന്ന് കുട്ടികള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ അഞ്ചുപേരെ കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ വാന്‍ പൂര്‍ണ്ണമായും തകര്‍ന്നതിനാല്‍ മരണസംഖ്യ ഉയരാന്‍ സാധ്യതയുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.
കടലൂരില്‍ നിന്ന് ഏകദേശം 10 കിലോമീറ്റര്‍ തെക്ക് ശെമ്മന്‍കുപ്പത്ത് ചൊവ്വാഴ്ച രാവിലെ 7:45 ന് ഒരു പാസഞ്ചര്‍ ട്രെയിന്‍ ഒരു സ്‌കൂള്‍ വാനിലേക്ക് ഇടിച്ചുകയറുകയായിരുന്നു. പ്രാഥമിക വിവരം അനുസരിച്ച്, ഗുരുതരമായ പരിക്കുകളോടെ അഞ്ചുപേരെ കടലൂര്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തൊണ്ടമനാഥം സ്വദേശിയായ വി. നിമിലേഷ് (12), സുബ്രഹ്മണ്യപുരം സ്വദേശിയായ ഡി. ചാരുമതി (16), കുമാരപുരം സ്വദേശിയായ ചെഴിയന്‍ (15) എന്നിവരാണ് മരണപ്പെട്ട കുട്ടികള്‍.
അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ശെമ്മാങ്കുപ്പം സ്വദേശിയായ അണ്ണാദുരൈ എന്ന 55 വയസ്സുള്ള വ്യക്തിക്ക് ഒരു വൈദ്യുത കേബിള്‍ പൊട്ടിവീണ് പരിക്കേറ്റതായി റിപ്പോര്‍ട്ടുണ്ട്. അപകടത്തിനിടെ കടലൂരിനും ആലപ്പാക്കത്തിനും ഇടയിലുള്ള ഇന്റര്‍ലോക്ക് ചെയ്യാത്ത ആളില്ലാത്ത ഗേറ്റായ ലെവല്‍ ക്രോസിംഗ് ഗേറ്റ് നമ്പര്‍ 170 ല്‍ വെച്ചാണ് അപകടം സംഭവിച്ചത്. വില്ലുപുരം-മയിലാടുതുറൈ പാസഞ്ചര്‍ ട്രെയിനിലേക്ക് (ട്രെയിന്‍ നമ്പര്‍ 56813) വാന്‍ ഇടിക്കുകയായിരുന്നു.
ഗേറ്റ് കീപ്പര്‍ ലൈവല്‍ക്രോസ് അടയ്ക്കാന്‍ ശ്രമിക്കുന്നതിനിടെ വാന്‍ വേഗതയില്‍ മുന്നോട്ടെടുക്കുകയായലരുന്നൂവെന്നാണ്് പറയപ്പെടുന്നത്. തുടര്‍ന്ന് ഗേറ്റ് കീപ്പര്‍ ഗേറ്റ് തുറന്നു. സംഭവത്തെത്തുടര്‍ന്ന് ഗേറ്റ് കീപ്പറെ റെയില്‍വേ സസ്‌പെന്‍ഡ് ചെയ്തു. കുട്ടികളുടെ മരണത്തില്‍ അഗാധമായ ദുഃഖമുണ്ടെന്നും അവരുടെ മാതാപിതാക്കളോട് അനുശോചനം രേഖപ്പെടുത്തുന്നതായും മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ പ്രസ്താവനയില്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊതു ദുരിതാശ്വാസ നിധിയില്‍ നിന്ന് രണ്ട് കുട്ടികളുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ, ഗുരുതരമായി പരിക്കേറ്റവര്‍ക്ക് ഒരു ലക്ഷം രൂപയും നിസ്സാര പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നല്‍കും. കടലൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള നാല് പേര്‍ക്ക് ഏറ്റവും മികച്ച പരിചരണം ഉറപ്പാക്കാന്‍ അദ്ദേഹം അധികാരികള്‍ക്ക് നിര്‍ദ്ദേശം നല്‍കി.