മഹാരാഷ്ട്രയിലെ ബുല്‍ദാന ജില്ലയില്‍ 279 പേര്‍ക്ക് പെട്ടന്ന് മുടി കൊഴിയാന്‍ തുടങ്ങി. മൂന്നു മതുല്‍ നാലു ദിവസത്തിനുള്ളില്‍ പലരും കഷണ്ടിയായി മാറി.
ഒപ്പം തലവേദന, പനി, തലയോട്ടിയിലെ ചൊറിച്ചില്‍, ഇക്കിളി, ഛര്‍ദ്ദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങളും അനുഭവപ്പെട്ടു തുടങ്ങി. കോളജ് വിദ്യാര്‍ത്ഥികളും പെണ്‍കുട്ടികളുമായിരുന്നു ഈ രോഗം ബാധിച്ചവരില്‍ കൂടുതല്‍. നിശ്ചയിച്ച വിവാഹം മുടങ്ങിയ സ്ഥിതി അടക്കം പലര്‍ക്കും സാമൂഹിക അപമാനമുണ്ടായി. നാണക്കേട് ഒഴിവാക്കാന്‍ ചിലര്‍ തല മൊട്ടയടിച്ചു.
2024 ഡിസംബര്‍ മുതല്‍ ഈ വര്‍ഷം ജനുവരിവരെ ബുല്‍ധാനയിലെ 18 ഗ്രാമങ്ങളിലായാണ് 279 പേരില്‍ മുടികൊഴിച്ചില്‍ അല്ലെങ്കില്‍ അക്യൂട്ട് ഓണ്‍സെറ്റ് അലോപ്പീസിയ ടോട്ടലിസ് റിപ്പോര്‍ട്ട് ചെയ്തത്. വിഷയം ദേശീയതലത്തില്‍ ചര്‍ച്ചയായതോടെ സംഭവത്തെക്കുറിച്ച് അധികൃതര്‍ അന്വേഷണം തുടങ്ങി.
പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളില്‍ നിന്ന് ഇറക്കുമതി ചെയ്ത ഗോതമ്പാണ് പ്രശ്നക്കാരനെന്നാണ് ആരോഗ്യ വിദഗ്ധരുടെ പ്രാഥമിക കണ്ടെത്തല്‍. ചില പ്രദേശങ്ങളില്‍ വിളഞ്ഞവ. പ്രാദേശികമായി വളരുന്നവയിലുള്ളതിനേക്കാള് 600 മടങ്ങ് കൂടുതല്‍ സെലിനിയമാണ് ഇറക്കുമതി ചെയ്തവയിലുണ്ടായിരുന്നതത്രേ.
മണ്ണില്‍ കാണപ്പെടുന്ന ഒരു ധാതുവാണ് സെലിനിയം. സ്വാഭാവികമായും വെള്ളത്തിലും ചില ഭക്ഷണയിനങ്ങളിലും ഇതിന്റെ സാന്നിദ്ധ്യമുണ്ടാകും. മനുഷ്യശരീരത്തില്‍ ചെറിയ അളവില്‍ സെലിനിയം ആവശ്യമാണ്. എന്നാല്‍, ആരോഗ്യസംഘം ശേഖരിച്ച സാമ്പികളുകളില്‍ സെലീനിയത്തിന്റെ അളവ് രക്തം, മൂത്രം, മുടി എന്നിവയില്‍ യഥാക്രമം 35 ഉം 60ഉം 150 ഉം മടങ്ങ് വര്‍ദ്ധിച്ച നിലയിലായിരുന്നു. അധിക സെലീനിയം മൂലമുണ്ടാകുന്ന അസന്തുലിതാവസ്ഥയിലേക്കാണ് ഇവര്‍ എത്തപ്പെട്ടതെന്നാണ് പ്രാഥമിക നിഗമനം.
ഈ ഗോതമ്പിന്റെ ഉപയോഗം നിയന്ത്രിച്ചതോടെ ചിലരില്‍ മുടി വളരാന്‍ തുടങ്ങിയിട്ടുണ്ട്. വിശദമായ പഠനങ്ങള്‍ പുരോഗമിക്കുകയാണ്.