അമിതവണ്ണം, ഉയര്‍ന്ന രക്തസമ്മര്‍ദം, ഉയര്‍ന്ന ബ്ലഡ് ഷുഗര്‍, അസാധാരണ കൊളസ്‌ട്രോള്‍ നില തുടങ്ങിയവ ഒത്തുചേരുന്ന അവസ്ഥകയാണ് മെറ്റബോളിക് സിന്‍ഡ്രോം. ഇതും പൊണ്ണത്തടിയും സ്തനാര്‍ബുദ സാധ്യതകള്‍ വര്‍ദ്ധിപ്പിക്കുമെന്ന് പുതുതായി പുറത്തുവന്ന പഠനം പറയുന്നു.
വുമണ്‍സ് ഹെല്‍ത്ത് ഇനിഷ്യേറ്റീവാണ് ഇതുസംബന്ധിച്ച പഠനം നടത്തിയിരിക്കുന്നത്. കൊഴുപ്പ് കുറഞ്ഞ ഭക്ഷണരീതി സ്തനാര്‍ബുദ മരണസാധ്യത കുറച്ചുവെന്നും പഠനത്തിലുണ്ട്. കാന്‍സര്‍ വൈലീ ഓണ്‍ലൈന്‍ എന്ന ജേര്‍ണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്.
മുമ്പ് സ്തനാര്‍ബുദം സ്ഥിരീകരിച്ചിട്ടില്ലാത്ത ആര്‍ത്തവവിരാമമായ 63,330 സ്ത്രീകളുടെ ആരോഗ്യ വിവരങ്ങളാണ് പഠനത്തിനായി ശേഖരിച്ചിട്ടുള്ളത്. ഇരുപതു വര്‍ഷത്തോളം നീണ്ട പഠന കാലയളവിനൊടുവിലാണ് കണ്ടെത്തലിലെത്തിയത്. ഇക്കാലയളവില്‍ ഇവരില്‍ 4,562 പേര്‍ക്ക് അര്‍ബുദം സ്ഥിരീകരിക്കുകയും 2073 പേര്‍ സ്തനാര്‍ബുദത്താല്‍ മരണപ്പെടുകയും ചെയ്തിരുന്നു. അമിതവണ്ണം, മെറ്റബോളിക് സിന്‍ഡ്രോം എന്നിവ ഉണ്ടായിരുന്നവരില്‍ പില്‍ക്കാലത്ത് സ്തനാര്‍ബുദം സ്ഥിരീകരിക്കുന്ന നിരക്ക് കൂടുതലായിരുന്നുവെന്നും പഠനത്തിലുണ്ട്.
ലോകാരോഗ്യ സംഘടന 2022-ല്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ സ്തനാര്‍ബുദംമൂലം 670000 മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. 2.3 ദശലക്ഷം സ്ത്രീകളില്‍ സ്തനാര്‍ബുദം സ്ഥിരീകരിക്കുന്നുമുണ്ട്.