തിരുവനന്തപുരം | തെരുവുനായ വന്ധ്യംകരണത്തിനായി തദ്ദേശസ്വയംഭരണ വകുപ്പ് 152 ബ്ലോക്കുകളിലായി മൊബൈല്‍ പോര്‍ട്ടബിള്‍ എബിസി കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്നും തെരുവുനായ്ക്കളുടെ വാക്‌സിനേഷനായി ആഗസ്റ്റ് മാസത്തില്‍ വിപുലമായ വാക്‌സിനേഷന്‍ യജ്ഞം നടത്തുമെന്നും തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എം ബി രാജേഷ്. തെരുവുനായ നിയന്ത്രണവുമായി ബന്ധപ്പെട്ട് മൃഗസംരക്ഷണ, തദ്ദേശസ്വയംഭരണ, നിയമ വകുപ്പുകളുടെ സംയുക്ത ചര്‍ച്ചയ്ക്കു ശേഷം സെക്രട്ടേറിയറ്റ് അനക്‌സിലെ ലയം ഹാളില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

ഒരു പോര്‍ട്ടബിള്‍ എബിസിസി യൂണിറ്റിന് 28 ലക്ഷം രൂപയാണ് ചെലവ്. ഓഡര്‍ നല്‍കിയാല്‍ യൂണിറ്റുകള്‍ ലഭിക്കാന്‍ രണ്ടു മാസം വേണ്ടിവരും. ഇക്കാലയളവില്‍ യൂണിറ്റുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് അനുയോജ്യമായ സ്ഥലം പഞ്ചായത്തും മുനിസിപ്പാലിറ്റിയും കണ്ടെത്തും. ബ്ലോക്കുകളില്‍ വിന്യസിക്കുന്നതിനു മുന്നോടിയായി മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തില്‍ ഒരു യൂണിറ്റ് ഉപയോഗിച്ച് തിരുവനന്തപുരം ജില്ലയിലെ നെടുമങ്ങാട് പൈലറ്റ് സ്റ്റഡി നടത്തും. സ്ഥിരം എബിസി കേന്ദ്രങ്ങളെക്കാള്‍ ചിലവ് കുറവാണിവയ്ക്ക്. പട്ടിപിടുത്തത്തില്‍ മൃഗസംരക്ഷണ വകുപ്പിന്റെ പരിശീലനം നേടിയ 158 പേര്‍ ഉണ്ട്. തദ്ദേശ സ്ഥാപനങ്ങള്‍ കുടുംബശ്രീ മുഖേന കൂടുതല്‍ പേരെ കണ്ടെത്തും. എബിസി കേന്ദ്രത്തിനായി പട്ടിയെ പിടിക്കുന്നവര്‍ക്ക് 300 രൂപ നല്‍കും. വന്ധ്യംകരണത്തിനായി ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന്റെ സേവനം പ്രയോജനപ്പെടുത്തും.

മൊബൈല്‍ എബിസി കേന്ദ്രങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിന് തദ്ദേശ സ്ഥാപനതലത്തില്‍ ജനകീയ കമ്മിറ്റികള്‍ രൂപീകരിക്കും. കേന്ദ്രങ്ങളുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്നവര്‍ക്കെതിരെ സിആര്‍പിസി 107, ഐപിസി 186 വകുപ്പുകള്‍ പ്രകാരമുള്ള നടപടി സ്വീകരിക്കാന്‍ പൊലീസിന് നിര്‍ദേശം നല്‍കും. ആനിമല്‍ ഹസ്ബന്‍ഡറി പ്രാക്ടീസസ് ആന്‍ഡ് പ്രൊസീജേര്‍സ് റൂള്‍സ് സെക്ഷന്‍ 8 (എ) പ്രകാരം ഗുരുതര രോഗമുള്ളതോ അപകടംപറ്റിയതോ ആയ നായകളെ ദയാവധത്തിന് വിധേയമാക്കും. ഇതിനായി രോഗബാധിതമാണെന്ന് വെറ്ററിനറി സര്‍ജന്‍ സാക്ഷ്യപ്പെടുത്തേണ്ടതുണ്ട്. സെപ്റ്റംബറില്‍ വളര്‍ത്തുനായകള്‍ക്ക് വാസ്‌കിനേഷനും ലൈസന്‍സും ലഭ്യമാക്കാനായി ക്യാമ്പ് സംഘടിപ്പിക്കും.

കേന്ദ്രചട്ടങ്ങളുടെ നിബന്ധനകളുയര്‍ത്തുന്ന വെല്ലുവിളിയും ചട്ടങ്ങള്‍പ്രകാരം നടപടി സ്വീകരിക്കുമ്പോഴുള്ള ജനങ്ങളുടെ എതിര്‍പ്പും ഇപ്പോള്‍ വലിയ പ്രതിസന്ധി സൃഷ്ടിക്കുകയാണ്. തെരുവുനായ നിയന്ത്രണത്തിനായി മാലിന്യം വലിച്ചെറിയാതെ ജനങ്ങള്‍ സഹകരിക്കണം. എബിസി കേന്ദ്രങ്ങളോടും ജനങ്ങള്‍ സഹകരിക്കണം. എബിസി ചട്ടങ്ങളുടെ ഇളവിന് കേന്ദ്രസര്‍ക്കാരിനെ സമീപിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഏഴ് മൊബൈല്‍ പോര്‍ട്ടബിള്‍ എബിസി കേന്ദ്രങ്ങള്‍കൂടി മൃഗസംരക്ഷണ വകുപ്പ് വാങ്ങുമെന്ന് മൃഗസംരക്ഷ വകുപ്പ് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. നിലവില്‍ 17 സ്ഥിരം എബിസി കേന്ദ്രങ്ങള്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. 13 കേന്ദ്രങ്ങളുടെ നിര്‍മാണം അന്തിമഘട്ടത്തിലാണ്. 28 കേന്ദ്രങ്ങള്‍ക്കായി സ്ഥലം കണ്ടെത്തിയിട്ടുണ്ട്. പശുക്കളില്‍ ചിപ്പ് ഘടിപ്പിക്കുന്നതുപോലെ ഇനിമുതല്‍ നായ്ക്കളിലും ചിപ്പ് ഘടിപ്പിക്കും. പന്ത്രണ്ടക്ക നമ്പര്‍ അടങ്ങിയ ചിപ്പിലൂടെ മേല്‍വിലാസവും വാക്‌സിനേഷന്‍ എടുത്തിട്ടുണ്ടോയെന്നും ലൈസന്‍സ് ഉണ്ടോയെന്നും അറിയാനാകുമെന്നും മന്ത്രി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here