ഉത്തര്‍പ്രദേശിലെ ബുലന്ദ്ഷഹറില്‍ ഒരു അപൂര്‍വ മെഡിക്കല്‍ കേസ് റിപ്പോര്‍ട്ട് ചെയ്തു. കഠിനമായ വയറുവേദന അനുഭവിക്കുന്ന 30 വയസ്സുള്ള ഒരു സ്ത്രീയുടെ കരളില്‍ 12 ആഴ്ച പ്രായമുള്ള ഭ്രൂണം കണ്ടെത്തി. എംആര്‍ഐ സ്‌കാന്‍ വഴിയാണ് ഡോക്ടര്‍മാര്‍ അസാധാരണമായ ഈ രോഗനിര്‍ണയം സ്ഥിരീകരിച്ചത്.
ഇന്‍ട്രാഹെപ്പാറ്റിക് എക്ടോപിക് ഗര്‍ഭാവസ്ഥയുടെ അപൂര്‍വ കേസാണിത്. സാധാരണ ഗര്‍ഭധാരണങ്ങളില്‍ സംഭവിക്കുന്നത് പോലെ ബീജസങ്കലനം ചെയ്ത അണ്ഡം ഫാലോപ്യന്‍ ട്യൂബിലൂടെ സഞ്ചരിച്ച് ഗര്‍ഭാശയത്തില്‍ ചേരുന്ന അവസ്ഥയില്‍ നിന്നും വ്യത്യസ്തമായി ശരീരത്തിന്റെ മറ്റു അവയവങ്ങളില്‍ വളരുന്ന അവസ്ഥയാണിത്. ലോകത്ത് എട്ടോളം ഇത്തരം കേസുകള്‍ മാത്രമേ കണ്ടെത്തിയിട്ടുള്ളൂവെന്ന് വിദഗ്ധര്‍ പറയുന്നു. ഇന്ത്യയിലെ ആദ്യത്തെ കേസായിരിക്കാം ഇതെന്നും അനുമാനിക്കുന്നുണ്ട്. അമേരിക്ക, ചൈന, നൈജീരിയ എന്നി രാജ്യങ്ങളില്‍ ഇന്‍ട്രാഹെപ്പാറ്റിക് എക്ടോപിക് ഗര്‍ഭധാരണം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഗര്‍ഭാശയത്തിന് പുറത്ത് ഒരു ഭ്രൂണം വളരുമ്പോഴാണ് എക്ടോപിക് ഗര്‍ഭം സംഭവിക്കുന്നത്. ഇത് ജീവന് ഭീഷണിയാണ്. എക്ടോപിക് ഗര്‍ഭധാരണം അപൂര്‍വമായ ഒരു അവസ്ഥയാണ്, ഇത് 1-2% ല്‍ മാത്രമേ സംഭവിക്കൂ, എന്നാല്‍ കൃത്യസമയത്ത് കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ മാരകമായേക്കാം. അതുകൊണ്ടാണ് ഗര്‍ഭം കണ്ടെത്തിയാല്‍ ഉടന്‍ തന്നെ സീറം ബീറ്റാ എച്ച്‌സിജി ടെസ്റ്റ് നടത്തേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത്. ഈ ടെസ്റ്റിലൂടെ കൃത്യസമയത്ത് ചികിത്സ നടത്താം.