ഹെനാന്‍ (ചൈന) | കല്യാണം കഴിക്കണമെങ്കില്‍ കാമുകന്‍ പ്രസവവേദന അറിയണമെന്ന
കാമുകിയുടെ നിര്‍ബന്ധത്തിന് വഴങ്ങി വെട്ടിലായി കാമുകന്‍. കൃത്രിമമായി പ്രസവവേദന അനുഭവിച്ച കാമുകന്‍ ചെറുകുടല്‍ തകരാറിയതോടെ ചികിത്സയില്‍ കഴിയുകയാണ്. ചൈനയിലെ ഹെനാന്‍ പ്രവിശ്യയില്‍ നിന്നാണ് ഇത്തരമൊരു സംഭവം നടന്നത്.

കൃത്രിമമായി പ്രസവവേദന അനുഭവിക്കാന്‍ കഴിയുന്ന ലേബര്‍ പെയിന്‍ സിമുലേഷന്‍ സെന്ററില്‍ കാമുകിക്കൊപ്പമെത്തിയ യുവാവിന്റെ ചെറുകുടലിന്റെ ഒരു ഭാഗം മുറിച്ചുനീക്കേണ്ടി വന്നതായി സൗത്ത് ചൈന മോര്‍ണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ചര്‍മ്മത്തിലൂടെയും പേശികളിലൂടെയും വൈദ്യുതി പ്രവാഹം കടത്തിവിട്ടാണ് പ്രസവ സമയത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന വേദന കൃത്രിമമായി അനുഭവപ്പെടുത്തുന്നത്. ഘട്ടം ഘട്ടമായി ഉയര്‍ത്തുന്ന വേദനയുടെ അളവ് ലെവല്‍ എട്ടില്‍ എത്തിയതോടെ യുവാവ് നിലവിളിച്ചു. തുടര്‍ന്ന് കടുത്ത ഛര്‍ദ്ദിച്ചും വയറുവേദനയും ആരംഭിച്ചു. പിന്നേട് തുടര്‍ ചികിത്സയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട യുവാവിന്റെ ശചറുകുടലിന്റെ ഒരു ഭാഗം നീക്കം ചെയ്യേണ്ടിയും വന്നു. ഇപ്പോള്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലാണ് യുവാവ്.

ഈ വിവരം പുറത്തുവന്നതോടെ യുവതിക്കും കുടുംബത്തിനുമെതിരേ ചൈനയിലെ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനമാണ് വന്നത്. തുടര്‍ന്ന് വിശദീകരണവുമായി യുവതിയും രംഗത്തെത്തി.

ഭാവി വധുവിനെ മികച്ച രീതിയില്‍ കാമുകന്‍ പരിചരിക്കണമെങ്കില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന ശരീരിക വേദനകള്‍ വിവാഹത്തിന് മുമ്പ് അനുഭവിച്ചറിയണമെന്ന് സഹോദരിയും അമ്മയും പറഞ്ഞതുപ്രകാരമാണ് താനിങ്ങനെ നിര്‍ബന്ധം പിടിച്ചതെന്നാണ് കാമുകിയായ യുവതിയുടെ മറുപടി.

കാമുകനെ വേദനിപ്പിക്കാന്‍ താനും കുടുംബവും ഉദ്ദേശിച്ചിരുന്നില്ലെന്നും ഇതിന്റെ പൂര്‍ണ്ണ ഉത്തവാദിത്വം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും യുവതി വ്യക്തമാക്കി. ഏതായാലും കാമുകിയുടെ വാക്കുകേട്ട് എടുത്തുചാടിയ യുവാവ് ഇപ്പോഴും ആശുപത്രിക്കിടക്കയില്‍ നിന്നും എണീറ്റിട്ടില്ലെന്നാണ് ചൈനയിലെ സാമൂഹ്യമാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here