നിങ്ങള്‍ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരനാണെങ്കില്‍ ശ്രദ്ധിക്കൂ… അടുത്തിടെ ചുരുളഴിഞ്ഞ ഒരു ആരോഗ്യ പ്രശ്‌നം നിങ്ങളെ പിടികൂടിയിട്ടുണ്ടോയെന്ന് പരിശോധിക്കണം.
ഇന്ത്യയിലെ കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ പുരുഷന്മാരില്‍ 57 ശതമാനം പേര്‍ക്കും വിറ്റമിന്‍ ബി12ന്റെ കുറവുണ്ടെന്ന് ഒരു പഠനത്തില്‍ വെളിപ്പെട്ടു. സ്ത്രീകളില്‍ 50 ശതമാനവും വിറ്റമിന്‍ ബി12ന്റെ കുറവുമൂലമുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നുണ്ടത്രേ. ഹെല്‍ത്ത്‌കെയര്‍ പ്രൊവൈഡര്‍മാരായ മെഡിബഡ്ഡി, കോര്‍പ്പറേറ്റ് മേഖലയിലെ ജീവനക്കാരായ 3,338 പുരുഷന്മാരിലും 1,059 സ്ത്രീകളിലും നടത്തിയ പഠനമാണ് ചര്‍ച്ചയാകുന്നത്. മോശം ഭക്ഷണക്രമം, ഉയര്‍ന്ന സമ്മര്‍ദ്ദം, ക്രമരഹിതമായ ഭക്ഷണ രീതി തുടങ്ങിയവയാണ് ഇവരെ അപകടത്തിലേക്കു തള്ളിവിടുന്നതെന്നാണ് പഠനം വ്യക്തമാക്കുന്നത്.
ബി കോംപ്ലക്‌സ് വിഭാഗത്തില്‍പ്പെട്ട കോബാലമിന്‍ അഥവാ വിറ്റാമിന്‍ ബി 12 മാംസം, മത്സ്യം, മുട്ട, പാലുല്‍പ്പന്നങ്ങള്‍ തുടങ്ങിയവയില്‍ സ്വാഭാവികമായും ഉണ്ടാകാറുണ്ട്. യോഗര്‍ട്ട്, തൈര്, വിവിധതരം അച്ചാര്‍ തുടങ്ങിയവയും ബി 12 ന്റെ അംശം കൂട്ടാന്‍ സഹായിക്കും.
മനുഷ്യ ശരീരത്തില്‍ കോശങ്ങളിലെ ജനിതക വസ്തുവായ ഡിഎന്‍എയുടെ സമന്വയത്തിനു കോബാലമിന്‍ ആവശ്യമാണ്. മാത്രവുമല്ല, ബി 12ന്റെ ദീര്‍ഘനാളത്തെ കുറവ് നാഡീവ്യവസ്ഥയ്ക്കു ഗുരുതരമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ഹൃദ്രോഗസാധ്യത കുറയ്ക്കുന്നതിലും മാനസികാവസ്ഥ മെച്ചപ്പെടുത്തുന്നതിലും ബി 12നു പങ്കുണ്ടെന്ന് പല പഠനങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. അതിനാല്‍ ജങ്ക് ഫുഡ് ഉപേക്ഷിച്ച് ആരോഗ്യത്തെ സംരക്ഷിക്കാന്‍ സ്വയം പരിശ്രമിക്കൂ.
ഡയറ്റില്‍ വരുത്തുന്ന മാറ്റങ്ങളിലൂടെ ശരീരത്തില്‍ വിറ്റമിന്‍ ബി 12 എത്തിയില്ലെങ്കില്‍ വിറ്റമിന്‍ ബി 12 സപ്ലിമെന്റുകള്‍ പകരമായി ഉപയോഗിക്കാം. എന്നാലിതു ഡയറ്റീഷന്റെ കൂടി നിര്‍ദേശ പ്രകാരമായിരിക്കണം്.