തിരുവനന്തപുരം | തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ പരിശോധനയ്ക്കായി രോഗികളില്‍ നിന്ന് ശേഖരിച്ച ശരീരഭാഗങ്ങള്‍ ആക്രിക്കാരന്‍ കൊണ്ടുപോയി. സാമ്പിളുകള്‍ കൈകാര്യം ചെയ്യുന്നതിലെ ഗുരുതര ഉദ്യോഗസ്ഥ വീഴ്ച പുറത്തുവന്നതോടെ ‘മോഷ്ടിച്ച’ ആക്രിക്കാരനെ കസ്റ്റഡിയിലെടുത്ത് പോലീസ്.
രോഗനിര്‍ണ്ണയത്തിനായി അയച്ച പതിനേഴു രോഗികളുടെ സപെസിമനാണ് ഒരുഘട്ടത്തില്‍ നഷ്ടപ്പെട്ടത്. മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പത്തോളജി വിഭാഗത്തിലേക്കു പരിശോധനയ്ക്ക് അയച്ച സാമ്പിളുകളെ വഴിയിലെ പടിക്കെട്ടില്‍ വച്ചിട്ടാണ് ഉത്തരവാദിത്തപ്പെട്ട ജീവനക്കാരായ ആംബുലന്‍സ് ഡ്രൈവറും ഗ്രേഡ് രണ്ട് അറ്റന്‍ഡറും മൈക്രോ ബയോളജി ലാബിലേക്കു പോയത്. ഇവര്‍ തിരിച്ചു വരുന്നതിനു മുന്നേ അവിടെത്തിയ ആക്രിക്കാരന്‍ അവ ചാക്കിലാക്കി സ്ഥലം വിട്ടു.
സമീപത്തുകണ്ട ആക്രിക്കാരനെ ചോദ്യം ചെയ്തപ്പോള്‍ ആക്രിയാണെന്നു കരുതി ചാക്കിലാക്കിയെന്നായിരുന്നു മറുപടി. ശരീരഭാഗങ്ങളാണെന്നു തിരിച്ചറിഞ്ഞതോടെ പ്രിന്‍സിപ്പല്‍ ഓഫീസിനു സമീപം ഉപേക്ഷിച്ചതായും മനസിലാക്കി. പിന്നാലെ അവിടെയെത്തി സാധനങ്ങള്‍ വീണ്ടെടുത്ത് തിരികെ ലാബിലെത്തിക്കുകയായിരുന്നുവെന്നാണ് വിവരം. സംഭവം വിവാദമായതോടെ ജീവനക്കാരനെ ആശുപത്രി അധികൃതര്‍ സസ്‌പെന്റ് ചെയ്തു.