ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ശ്വസിച്ചതാണ് കാരണമെന്ന് ആരോപണം
കോഴിക്കോട് | ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെള്ളിയാഴ്ച രാത്രിയില്‍ ഉണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടിനെ തുടര്‍ന്ന് പുക ശ്വസിച്ചാണ് അഞ്ച് പേര്‍ മരിച്ചതെന്ന ആരോപണത്തിന് വ്യക്തത വരുത്താന്‍ അധികൃതര്‍. ഇന്നലെ ( മാര്‍ച്ച് 2) യാണ് ബ്ലോക്ക് എമര്‍ജന്‍സി വിഭാഗത്തിലെ എംആര്‍ഐ യൂണിറ്റിന്റെ യുപിഎസിലെ (ബാറ്ററി യൂണിറ്റ്) ഷോര്‍ട്ട് സര്‍ക്യൂട്ടില്‍ നിന്ന് സ്‌ഫോടനവും തുക പുകയും വമിച്ചത്. ഇതിനുപിന്നാലെയാണ് ചികിത്സയിലിരുന്ന അഞ്ചുപേരുടെ മരണവും സംഭവിച്ചത്. ഇതോടെയാണ് പുക ശ്വസിച്ചാണ് മരണം സംഭവിച്ചതെന്ന് ബന്ധുക്കള്‍ ആരോപിച്ചത്.
വെസ്റ്റ് ഹില്‍ നിവാസിയായ ഗോപാലന്‍, കൊയിലാണ്ടി സ്വദേശി ഗംഗാധരന്‍, പശ്ചിമ ബംഗാള്‍ സ്വദേശി ഗംഗ, വയനാട് സ്വദേശി നസീറ, വടകര സ്വദേശി സുരേന്ദ്രന്‍ എന്നിവരാണ് മരിച്ചത്. എന്നാല്‍ പുക ശ്വസിച്ചല്ല മരണങ്ങള്‍ സംഭവിച്ചതെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. സംഭവം വിവാദമായതോടെ, മരിച്ച അഞ്ച് പേരുടെയും പോസ്റ്റ്മോര്‍ട്ടം നടത്താന്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ തീരുമാനിച്ചു. സംഭവവുമായി ബന്ധപ്പെട്ട് അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്. മൃതദേഹങ്ങള്‍ നിലവില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്. മൂന്ന് രോഗികള്‍ ആരോഗ്യപ്രശ്‌നങ്ങള്‍ മൂലമാണ് മരിച്ചതെന്നാണ് ആശുപത്രി അധികൃതരുടെ വാദം.