തിരുവനന്തപുരം | രണ്ട് നിപ കേസുകളുമായി ബന്ധപ്പെട്ട് കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഇവര്‍ പാലക്കാട്, മലപ്പുറം ജില്ലകളിലുള്ളവരാണ്. മലപ്പുറം, കോഴിക്കോട് മെഡിക്കല്‍ കോളേജുകളില്‍ നടത്തിയ പരിശോധനയില്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് പൂനെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിപ സ്ഥിരീകരണത്തിനായി സാമ്പിളുകള്‍ അയച്ചിട്ടുണ്ട്. സ്ഥിരീകരണം വരുന്നതിന് മുമ്പ് തന്നെ പ്രോട്ടോകോള്‍ അനുസരിച്ച് പ്രതിരോധ നടപടികള്‍ ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി.
മെഡിക്കല്‍ കോളേജുകളില്‍ പരിശോധന നടത്തിയപ്പോള്‍ നിപ കണ്ടെത്തിയതിനെ തുടര്‍ന്ന് ആരോഗ്യ വകുപ്പ് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു. 3 ജില്ലകളില്‍ ഒരേ സമയം പ്രതിരോധ പ്രവര്‍ത്തനം നടത്താന്‍ നിര്‍ദേശം നല്‍കി. 26 കമ്മിറ്റികള്‍ വീതം 3 ജില്ലകളില്‍ രൂപീകരിച്ചു. സമ്പര്‍ക്ക പട്ടിക തയ്യാറാക്കുന്നതിന് പോലീസിന്റെ കൂടി സഹായം തേടും. സ്റ്റേറ്റ് ഹെല്‍പ്പ് ലൈനും, ജില്ലാ ഹൈല്‍പ്പ് ലൈനും ഉണ്ടാകും. രണ്ട് ജില്ലകളില്‍ ജില്ലാതലത്തില്‍ കണ്ടൈന്‍മെന്റ് സോണുകള്‍ പ്രഖ്യാപിക്കും. കളക്ടര്‍മാര്‍ അതനുസരിച്ചുള്ള നടപടികള്‍ സ്വീകരിക്കണം. പബ്ലിക് അനൗണ്‍സ്‌മെന്റ് നടത്തണം. ഒരാളേയും വിട്ടു പോകാതെ കോണ്ടാക്ട് ട്രേസിംഗ് നടത്തണം. ഈ കാലയളവില്‍ അസ്വാഭാവിക മരണങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കില്‍ അത് പരിശോധിക്കണം.
പാലക്കാട് ജില്ലയില്‍ കിഴക്കുംപുറം തച്ചനാട്ടുകര സ്വദേശിനി(38)ക്കാണ് നിപ രോഗ ബാധ സ്ഥിരീകരിച്ചത്. നിപാ രോഗസാധ്യതയുള്ള ലക്ഷണങ്ങള്‍ നിരീക്ഷിക്കാനും ഉടന്‍ റിപ്പോര്‍ട്ട് ചെയ്യാനും എല്ലാ ആരോഗ്യ കേന്ദ്രങ്ങള്‍ക്കും ജില്ലാ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി. നിലവില്‍ 58 പേരാണ് പ്രാഥമിക സമ്പര്‍ക്ക പട്ടികയില്‍ ഉള്ളത്. രോഗബാധയുളളയാളുടെ വീടിന് മൂന്ന് കിലോമീറ്റര്‍ ചുറ്റളവില്‍ ഉള്‍പ്പെട്ട കരിമ്പുഴ, തച്ചനാട്ടുകര മേഖലകളിലാണ് കണ്ടെയ്‌മെന്റ് സോണുകള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. തച്ചനാട്ടുകര ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 7 (കുണ്ടൂര്‍ക്കുന്ന്), വാര്‍ഡ് 8 (പാലോട്), വാര്‍ഡ് 9 (പാറമ്മല്‍), വാര്‍ഡ് 11 (ചാമപറമ്പ്) എന്നിവയും കരിമ്പുഴ ഗ്രാമപഞ്ചായത്തിലെ വാര്‍ഡ് 17 (ആറ്റശ്ശേരി), വാര്‍ഡ് 18 (ചോളക്കുറിശ്ശി) എന്നിവയുമാണ് കണ്ടെയ്ന്‍മെന്റ് സോണുകള്‍. കണ്ടെയ്ന്‍മെന്റ് സോണുകളില്‍ പ്രത്യേക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇവിടെ പൊതുജനങ്ങള്‍ കൂട്ടം ചേര്‍ന്ന് നില്‍ക്കാന്‍ പാടില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.