ലണ്ടന്‍: അന്റാര്‍ട്ടിക്കയില്‍നിന്ന് 40 വര്‍ഷം മുമ്പ് അടര്‍ന്നുമാറി യാത്രതിരിച്ച ലോകത്തെ ഏറ്റവുംവലിയ മഞ്ഞുമലയായ എ23എ ബ്രിട്ടീഷ് ദ്വീപില്‍ ഉറച്ചു. 1986-ല്‍ അന്റാര്‍ട്ടിക്കയിലെ ഫില്‍ച്നെര്‍-റോണ്‍ ഐസ് ഷെല്‍ഫില്‍നിന്ന് അടര്‍ന്നുമാറിയ മഞ്ഞുമലയാണ് ഇക്കഴിഞ്ഞ ശനിയാഴ്ച യാത്ര അവസാനിപ്പിച്ചത്.
ബ്രിട്ടീഷ് ദ്വീപായ സൗത്ത് ജോര്‍ജിയയ്ക്കടുത്ത് തീരക്കടലിലാണ് ഇപ്പോള്‍ ഈ മഞ്ഞുമല നിലയുറപ്പിച്ചിരിക്കുന്നത്. ഇനി അടര്‍ന്നുനീങ്ങാനുള്ള സാധ്യത ഇല്ലെന്നാണ്
കണ്ടെത്തല്‍. ഒരുപക്ഷേ ചെറിയ മഞ്ഞുകട്ടകളായി മാത്രം അടര്‍ന്നുമാറിയേക്കുമെങ്കിലും ഇത്രയും കാലത്തെ സഞ്ചാരം ഇനിയുണ്ടാകില്ലെന്ന് ബ്രിട്ടീഷ് അന്റാര്‍ട്ടിക് സര്‍വേയിലെ ഗവേഷകനായ പ്രൊഫ. ആന്‍ഡ്രൂ മെയ്‌ജേഴ്‌സ് പറഞ്ഞു.
ഇത് പ്രകൃതിയിലെ സ്ഥിരം പ്രതിഭാസമാണെന്നും മറ്റ് പാരിസ്ഥിതിക പ്രശ്‌നങ്ങള്‍ സൃഷ്ടിക്കില്ലെന്നും ഗവേഷകര്‍ പറയുന്നു. അടര്‍ന്ന് മാറി കടലില്‍പതിക്കുന്ന ചെറിയ കട്ടകള്‍ പ്രദേശത്തെ മീന്‍പിടിത്തത്തെയും പെന്‍ഗ്വിന്‍ പോലുള്ള പക്ഷികളുടെ സഞ്ചാര പഥത്തെയും ബാധിച്ചേക്കും.