തിരുവനന്തപുരം | ഭാരത് മാതാ ഛായാചിത്ര വിവാദത്തില്‍ സസ്പെന്‍ഡ് ചെയ്യപ്പെട്ട കേരള സര്‍വകലാശാല രജിസ്ട്രാര്‍ കെ എസ് അനില്‍ കുമാറിനെ അനുകൂലിച്ച് രംഗത്തെത്താന്‍ ഇടതുപക്ഷം. ഒപ്പം നില്‍ക്കുന്ന ഉദ്യോഗസ്ഥരുടെ മനോവീര്യം കെട്ടുപോകരുതെന്ന പാര്‍ട്ടിനിദ്ദേശം എത്തിയതായാണ് സൂചന. ഇതോടെ സര്‍ക്കാരും ഇടതുപക്ഷ അനുകൂല സിന്‍ഡിക്കേറ്റ് അംഗങ്ങളും ഉദ്യോഗസ്ഥനെ പിന്തുണച്ച് രംഗത്തെത്തി.

അനില്‍ സ്ഥാനത്തുനിന്ന് തുടരാമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു നേരത്തെ പറഞ്ഞിരുന്നു. സര്‍വകലാശാല സിന്‍ഡിക്കേറ്റിന് മാത്രമേ അദ്ദേഹത്തിനെതിരെ നടപടിയെടുക്കാന്‍ അവകാശമുള്ളൂ. ഗവര്‍ണറുടെ ‘ഗുണ്ടയെപ്പോലെയാണ്’ അദ്ദേഹം പെരുമാറിയതെന്ന് ആരോപിച്ച് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും വിസിയെ ശക്തമായി വിമര്‍ശിച്ചു.

ഇടതുപക്ഷ പിന്തുണയുള്ള സിന്‍ഡിക്കേറ്റ് അംഗങ്ങളും അധ്യാപകരും ജീവനക്കാരും രജിസ്ട്രാറോട് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് സര്‍വകലാശാലയില്‍ പ്രതിഷേധ പ്രകടനം നടത്തി. എസ്എഫ്ഐ പ്രവര്‍ത്തകരും ഇടതുപക്ഷ അനുകൂല യൂണിവേഴ്സിറ്റി ജീവനക്കാരുടെ യൂണിയനുകളും ചേര്‍ന്ന് രജിസ്ട്രാര്‍ക്ക് ആവേശകരമായ സ്വീകരണം നല്‍കി. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ഭരണഘടനയുടെ പകര്‍പ്പ് കൈമാറിയ രജിസ്ട്രാര്‍ ഉടന്‍ തന്നെ സര്‍വകലാശാല വിട്ടു.

സസ്പെന്‍ഷനെതിരെ രജിസ്ട്രാര്‍ കോടതിയെ സമീപിച്ചേക്കും. അതേസമയം, കേരള സര്‍വകലാശാലയുടെ വിസിയുടെ അധിക ചുമതല ലഭിച്ച ഡിജിറ്റല്‍ യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ സിസ തോമസ് വ്യാഴാഴ്ച സ്ഥാനമേറ്റു.

LEAVE A REPLY

Please enter your comment!
Please enter your name here