തിരുവനന്തപുരം | നീറ്റ് പരീക്ഷാ പേപ്പര്‍ ചോര്‍ച്ച കേസില്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ (സിബിഐ) കണ്ടെത്തലുകളുടെ അടിസ്ഥാനത്തില്‍ വിദ്യാര്‍ത്ഥികളെ ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ (എന്‍എംസി) നിര്‍ദ്ദേശിച്ചു. 2024-25 അധ്യയന വര്‍ഷത്തേക്കുള്ള 14 വിദ്യാര്‍ത്ഥികളുടെ പ്രവേശനം റദ്ദാക്കി.
കഴിഞ്ഞ വര്‍ഷം നടന്ന നീറ്റ് പരീക്ഷയുടെ പേപ്പര്‍ ചോര്‍ച്ചയില്‍ പങ്കാളികളാണെന്ന് കണ്ടെത്തിയ 26 എംബിബിഎസ് വിദ്യാര്‍ത്ഥികളെയാണ് ഉടന്‍ സസ്പെന്‍ഡ് ചെയ്യാന്‍ ദേശീയ മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദ്ദേശിച്ചത്. നീറ്റ് യുജി 2024 പരീക്ഷയുമായി ബന്ധപ്പെട്ട കേസുകള്‍ സിബിഐയാണ് അന്വേഷിക്കുന്നത്. മെഡിക്കല്‍ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തകര്‍ക്കാനുള്ള സാധ്യത വിലയിരുത്തിയാണ് ബന്ധപ്പെട്ട മെഡിക്കല്‍ കോളേജുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും നിര്‍ദ്ദേശം ഈ നിര്‍ദ്ദേശം നല്‍കിയത്.
2024-25 അധ്യയന വര്‍ഷത്തേക്കുള്ള 14 വിദ്യാര്‍ത്ഥികളുടെ കൂടി പ്രവേശനവും റദ്ദാക്കിയിട്ടുണ്ട്. നീറ്റ് പരീക്ഷ നടത്തുന്ന ഏജന്‍സിയായ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍ടിഎ)യുടെ യുഎഫ്എം കമ്മിറ്റി കേസുകള്‍ വിശദമായി പരിശോധിച്ചു. തുടര്‍ന്ന് 42 വിദ്യാര്‍ത്ഥികളെ മൂന്ന് വര്‍ഷത്തേക്ക്, അതായത് 2024, 2025, 2026 വര്‍ഷങ്ങളില്‍ നീറ്റ്-യുജി പരീക്ഷ എഴുതുന്നതില്‍ നിന്ന് വിലക്കി.
കൂടാതെ, 2025, 2026 വര്‍ഷങ്ങളില്‍ രണ്ട് വര്‍ഷത്തേക്ക് ഒമ്പത് ഉദ്യോഗാര്‍ത്ഥികളെ ഡീബാര്‍ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം വിവിധ മെഡിക്കല്‍, ഡെന്റല്‍ കോഴ്സുകളിലേക്കുള്ള പ്രവേശനത്തിനുള്ള നീറ്റ്-യുജി പരീക്ഷ എഴുതിയ 67 വിദ്യാര്‍ത്ഥികള്‍ 720 മാര്‍ക്ക് നേടിയതിനെത്തുടര്ന്നായിരുന്നൂ വിവാദമുണ്ടായത്. കഴിഞ്ഞ വര്‍ഷം കുറച്ച് വിദ്യാര്‍ത്ഥികള്‍ക്ക് മാത്രമേ മുഴുവന്‍ മാര്‍ക്കും ലഭിച്ചിരുന്നുള്ളൂ എന്നതിനാല്‍ 67 വിദ്യാര്‍ത്ഥികള്‍ 720 മാര്‍ക്ക് നേടിയില്‍ സംശയമുയര്‍ന്നു. തുടര്‍ന്നാണ് ചോദ്യപേപ്പര്‍ ചോര്‍ച്ച പുറത്തായത്.