തിരുവനന്തപുരം | പോലീസിലേക്ക് കൂടുതല്‍ വനിതകളെ റിക്രൂട്ട് ചെയ്യുന്നതിനും സേനയില്‍ അവര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കാനുമുള്ള നടപടികളാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിച്ചു വരുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. തൃശൂരിലെ കേരള പോലീസ് അക്കാദമിയില്‍ പരിശീലനം പൂര്‍ത്തിയാക്കിയ 144 വനിതാ പോലീസ് കോണ്‍സ്റ്റബിള്‍മാരെ അഭിസംബോധന ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള അതിക്രമങ്ങള്‍ തടയുകയെന്നത് സര്‍ക്കാരിന് ഏറ്റവും പ്രാധാന്യമുള്ളതാണ്. ഈ ഉദ്ദേശത്തോടെയാണ് കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാരിന്റെ കാലം മുതല്‍ കൂടുതല്‍ വനിതകളെ സേനയിലേക്ക് റിക്രൂട്ട് ചെയ്തതും 2017 ല്‍ വനിതാ സായുധ ബറ്റാലിയന് രൂപം നല്കിയതും. അതിന്റെ ഭാഗമായുള്ള റിക്രൂട്ട്മെന്റില്‍ പെട്ടതാണ് ഇപ്പോള്‍ പരിശീലനം പൂര്‍ത്തിയാക്കിയ ബാച്ചും.
ആധുനിക കാലത്ത് സമൂഹത്തിന്റെ എല്ലാ മേഖലകളിലും ഇടപെടുന്നവരാണ് പോലീസുകാരെന്നും സേനാംഗങ്ങളെ ഇതിന് പ്രാപ്തരാക്കുന്നതില് ഒന്‍പതു മാസത്തെ പരിശീലനത്തിന് വലിയ പ്രാധാന്യമാണുളളതെന്നും അദ്ദേഹം പറഞ്ഞു. ശാസ്ത്ര സാങ്കേതിക മേഖലയില്‍ വലിയ മാറ്റങ്ങള്‍ സംഭവിക്കുന്ന സമയമാണെന്നും അതിനനുസൃതമായ അറിവ് സമ്പാദിക്കാന്‍ പുതിയ സേനാംഗങ്ങള്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരം വെള്ളായണി സ്വദേശിനി ഗീതു പി കെ. ആയിരുന്നു പരേഡ് കമാന്‍ഡര്‍. തിരുവനന്തപുരം വട്ടിയൂര്‍ക്കാവ് സ്വദേശിനി അനൂജ യു. വി പരേഡിന്റെ സെക്കന്‍ഡ് ഇന്‍ കമാന്‍ഡ് ആയി.
പരിശീലനകാലയളവില്‍ മികവു തെളിയിച്ച റിക്രൂട്ട് സേനാംഗങ്ങള്‍ക്ക് മുഖ്യമന്ത്രി പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. മികച്ച ഇന്‍ഡോര്‍ കേഡറ്റായി ശ്രുതി എം ആറും മികച്ച ഷൂട്ടറായി ദൃശ്യ ജെയും തിരഞ്ഞെടുക്കപ്പെട്ടു. പരേഡ് കമാന്‍ഡര്‍ ആയ ഗീതു പി കെ. മികച്ച ഔട്ട് ഡോര്‍ കേഡറ്റ്, ഓള് റൗണ്ടര്‍ എന്നീ പുരസ്കാരങ്ങള്‍ നേടി.
മേനംകുളം ആസ്ഥാനമായുള്ള വനിതാ പോലീസ് ബറ്റാലിയനിലേക്ക് ഇന്ന് പരിശീലനം പൂര്‍ത്തിയാക്കി ഭാഗമാകുന്ന സേനാംഗങ്ങളില്‍ ബിരുദാനന്തര ബിരുദധാരികളായ 40 പേരും ബിസിനസ് അഡ്മിനിസ്ട്രേഷനില്‍ ബിരുദാനന്തര ബിരുദമുള്ള രണ്ട് പേരും ബിരുദധാരികളായ 78 പേരും ബിടെക് ബിരുദധാരികളായ 13 പേരും ബി.എഡ് ബിരുദധാരികളായ 7 പേരും പ്ലസ്ടു യോഗ്യതയുള്ള മൂന്ന് പേരും ഡിപ്ലോമ യോഗ്യതയുള്ള ഒരാളുമാണ് ഉള്ളത്.