ന്യൂഡല്‍ഹി | മോദി 3.0 ല്‍ മലയാളക്കരയുടെ തലയെടുപ്പായി സുരേഷ് ഗോപിയും ജോര്‍ജ് കുര്യനും.
അന്‍പത്തൊന്നാമനായി പ്രതിജ്ഞയെടുത്ത സുരേഷ് ഗോപി സത്യവാചകം ചൊല്ലിയത് ദൈവനാമത്തിലാണ്. 70-ാമനായി ജോര്‍ജ് കുര്യനും സത്യപ്രതിജ്ഞ ചൊല്ലി മോദി മന്ത്രിസഭയില്‍ സഹമന്ത്രിമാരായി.
സുരേഷ് ഗോപി തൃശൂരില്‍ വിജയിച്ചു കയറിയത് ഏവരെയും അമ്പരപ്പിച്ചുകൊണ്ടാണ്. 74686 വോട്ടിന്റെ ഭൂരിപക്ഷത്തിനായിരുന്നു തൃശ്ശൂരില്‍ സുരേഷ് ഗോപിയുടെ ജയം.
സിനിമയെ വെല്ലുന്ന ട്വിസ്റ്റുകള്‍ക്കൊടുവില്‍ സൂപ്പര്‍താരം സുരേഷ് ഗോപി കേന്ദ്രമന്ത്രിസഭയിലേക്ക് എത്തുന്നത്. ഉറപ്പിച്ച മന്ത്രിസ്ഥാനത്തില്‍ രാവിലെ മുതല്‍ പലതരം അനിശ്ചിതത്വമുണ്ടായെങ്കിലും ഒടുവില്‍ നരേന്ദ്ര മോദി നേരിട്ട് വിളിച്ചതോടെയാണ് ഡല്‍ഹിക്ക് പുറപ്പെട്ടത്.
നേരത്തെ ദേശീയ ന്യൂനപക്ഷ കമ്മീഷനില്‍ വൈസ് ചെയര്‍മാനായിരുന്നു ജോര്‍ജ് കുര്യന്‍. ക്രിസ്ത്യന്‍ ന്യൂനപക്ഷ പ്രതിനിധിയെന്ന നിലയില്‍ കൂടിയാണ് ജോര്‍ജ് കുര്യന് മന്ത്രിസഭയില്‍ അംഗത്വം ലഭിച്ചത്.
നാട്ടകം കോളേജില്‍ ഡിഗ്രിക്ക് പഠിക്കുമ്പോള്‍ വിദ്യാര്‍ത്ഥി ജനതാ നേതാവില്‍ നിന്നാണ് തുടക്കം. ബിജെപി ദേശീയ നിര്‍വ്വാഹക സമിതി അംഗമായും സംസ്ഥാന സെക്രട്ടറിയായും സംസ്ഥാന വക്താവായും സംഘടനാ തലത്തില്‍ നിര്‍ണ്ണായക ചുമതലകള്‍ ജോര്‍ജ് കുര്യന്‍ വഹിച്ചിട്ടുണ്ട്. ന്യൂനപക്ഷ കമ്മീഷന്‍ വൈസ് ചെയര്‍മാനായി ചുമതല ഏറ്റെടുത്ത ജോര്‍ജ് കുര്യന്‍ ക്രൈസ്തവ വിഭാഗത്തെ ബിജെപിയോട് അടുപ്പിക്കാന്‍ രാജ്യത്തുടനീളം നടത്തിയ പ്രവര്‍ത്തനങ്ങളിലൂടെ കൂടിയാണ് നേതൃത്വത്തിന് പ്രിയങ്കരനായത്.