ന്യൂഡല്‍ഹി | സംസ്ഥാനത്ത് രാജ്യസഭാ തിരഞ്ഞെടുപ്പ് ജൂൺ 25ന് നടക്കും. മൂന്ന് സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പാണ് പ്രഖ്യാപിച്ചത്. ജൂൺ 6ന് വിജ്ഞാപനം പുറത്തിറങ്ങും. പത്രിക സമർപ്പിക്കേണ്ട അവസാന തീയതി ജൂൺ 13 ആണ്. ജൂൺ 18 ആണ് പത്രിക പിൻവലിക്കാനുള്ള അവസാന ദിവസം.
എളമരം കരീം (സിപിഎം), ബിനോയ് വിശ്വം (സിപിഐ), ജോസ് കെ മാണി (കേരള കോണ്‍ഗ്രസ് എം) എന്നിവരുടെ ഒഴിവുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂണ്‍ ഒന്നിനാണ് മൂവരും രാജ്യസഭയിലെ കാലാവധി പൂർത്തിയാക്കുന്നത്. ജൂൺ 25നു രാവിലെ 9 മണി മുതൽ വൈകിട്ട് 4 മണി വരെയാണ്. അന്നു തന്നെ വോട്ടെണ്ണുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.ഒഴിവുവരുന്ന ഒരു സീറ്റിൽ അവകാശവാദം ഉന്നയിക്കാന്‍ കേരള കോണ്‍ഗ്രസ് നീക്കം സജീവമാക്കിയതോടെയാണ് സിപിഐയും രംഗത്തുവന്നത്. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ കേരള കോൺഗ്രസിനു വേണ്ടി കാഞ്ഞിരപ്പള്ളി, ഇരിക്കൂർ സീറ്റുകൾ വിട്ടുനൽകിയതടക്കം സിപിഐ ചൂണ്ടിക്കാട്ടുന്നു. മുന്നണിയിലെ രണ്ടാമത്തെ കക്ഷിയെന്ന നിലയിൽ സീറ്റിന് അർഹതയുണ്ടെന്നാണ് നേതാക്കളുടെ വാദം. ഇക്കാര്യം മുന്നണി യോഗത്തിൽ ഉന്നയിക്കും.യുഡിഎഫിനുള്ള ഒരു രാജ്യസഭ സീറ്റ് മുസ്ലിം ലീഗിന് നൽകാനാണ് തത്വത്തിൽ ധാരണ. ഇത്തവണത്തെ സീറ്റ് ലീഗിന് നൽകാനും അടുത്ത തവണത്തേത് കോൺഗ്രസ് എടുക്കാനുമാണ് തീരുമാനമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ വ്യക്തമാക്കിയിരുന്നു