തിരുവനന്തപുരം | വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ തീവണ്ടിപ്പാതയുടെ പദ്ധതിരേഖയ്ക്ക് (ഡി.പി.ആർ.) അംഗീകാരമായി. ചരക്കുനീക്കത്തിന് വിഴിഞ്ഞം മുതൽ ബാലരാമപുരം വരെ 10.76 കിലോമീറ്റർ ദൂരം വരുന്ന തീവണ്ടിപ്പാതയ്ക്കാണ് ചീഫ് സെക്രട്ടറി ഡോ. വി.വേണു അധ്യക്ഷനായ പദ്ധതിനിർവഹണ സമിതി അംഗീകാരം നൽകിയത്. തീവണ്ടിപ്പാതയുടെ 9.5 കിലോമീറ്ററും ഭൂഗർഭപാതയായാണ് വിഭാവനം ചെയ്തിരിക്കുന്നത്.

1400 കോടി രൂപ ചെലവുവരുന്ന പദ്ധതിയുടെ നിർമാണച്ചുമതല കൊങ്കൺ റെയിൽ കോർപ്പറേഷനാണ്. ഇതിന്റെ ഭാഗമായി ബാലരാമപുരം റെയിൽവേ സ്റ്റേഷനും നവീകരിക്കുന്നുണ്ട്. ബാലരാമപുരം റെയിൽവേ സ്റ്റേഷനെ സിഗ്‌നൽ സ്റ്റേഷനാക്കി ഉയർത്തുകയും കണ്ടെയ്‌നർ യാർഡ് നിർമിക്കുകയും ചെയ്യും. നിർദിഷ്ട ഔട്ടർ റിങ് റോഡ് ബാലരാമപുരം മടവൂർപ്പാറയിൽവെച്ച് റെയിൽ റോഡുമായി ചേരും.തുറമുഖം പ്രവർത്തനസജ്ജമാകുന്ന സമയത്ത് കണ്ടെയ്‌നറുകൾക്ക് ദേശീയപാതയിൽ സഞ്ചാര സൗകര്യമൊരുക്കും.ദേശീയപാതയുടെ സർവീസ് റോഡ് ഉപയോഗിച്ചാകും ആദ്യഘട്ടത്തിൽ ചരക്കുനീക്കം. റെയിൽ, റോഡ് കണക്ടിവിറ്റിക്കായ്‌ പരമാവധി കേന്ദ്രഫണ്ട് ലഭ്യമാക്കാനാണ് ഇപ്പോഴത്തെ തീരുമാനം. സാഗർമാലപോലുള്ള പദ്ധതികളിൽനിന്നുള്ള കേന്ദ്രഫണ്ട് ലഭ്യമാകുമെന്നാണ് സംസ്ഥാനത്തിന്റെ പ്രതീക്ഷ.


LEAVE A REPLY

Please enter your comment!
Please enter your name here