തിരുവനന്തപുരം | ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകളുടെ സമരം പിന്‍വലിച്ചു. മന്ത്രി കെ.ബി.ഗണേഷ് കുമാറുമായി നടത്തിയ ചര്‍ച്ചയില്‍ ഇരട്ട ക്ലച്ച് സംവിധാനം തുടരാനും ഡ്രൈവിംഗ് ടെസ്റ്റിന് 18 വര്‍ഷം വരെ പഴക്കമുള്ള വാഹനങ്ങള്‍ അനുവദിക്കാനും ധാരണയായി. നിലവിലെ മാതൃകയില്‍ ആദ്യം ഗ്രൗണ്ട് ടെസ്റ്റും തുടര്‍ന്ന് റോഡ് ടെസ്റ്റുമാകും തുടര്‍ന്നും നടത്തുക.
ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ ക്യാമറ സ്ഥാപിക്കണമെന്ന നിര്‍ദേശം ഡ്രൈവിംഗ് സ്‌കൂളുകാര്‍ അംഗീകരിച്ചു. ടെസ്റ്റ് നടത്തുന്ന വാഹനത്തില്‍ മോട്ടര്‍ വാഹന വകുപ്പ് ക്യാമറ വാങ്ങി ഘടിപ്പിക്കും. ഇതിലെ ദൃശ്യങ്ങള്‍ 3 മാസം വരെ ആര്‍ടി ഓഫിസിലെ കംപ്യൂട്ടറില്‍ സൂക്ഷിക്കും. ഡ്രൈവിംഗ് ടെസ്റ്റിന് ഈടാക്കുന്ന ഫീസ് ഏകീകരിക്കാന്‍ സമിതിയെ നിയോഗിക്കും. കെഎസ്ആര്‍ടിസി 10 കേന്ദ്രങ്ങളില്‍ ഡ്രൈവിംഗ് സ്‌കൂളുകള്‍ ആരംഭിക്കുമെന്നും മന്ത്രി അറിയിച്ചു.
ഒരു മോട്ടര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ 40 ഡ്രൈവിംഗ് ടെസ്റ്റ് നടത്തുമെന്നാണ് സര്‍ക്കുലറില്‍ പറഞ്ഞിരുന്നത്. ഇതുപ്രകാരം രണ്ട് ഇന്‍സ്‌പെക്ടര്‍മാരുള്ളിടത്ത് 80 ലൈസന്‍സ് ടെസ്റ്റ് നടത്തും. ഇത് പര്യാപ്തമല്ലെന്നായിരുന്നു പരാതി. ഏതാണ്ട് 10 ലക്ഷത്തോളം അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുവെന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ പ്രാഥമിക പരിശോധനയില്‍ 2.5 ലക്ഷം അപേക്ഷകളാണുള്ളതെന്നാണ് മനസ്സിലായത്. ഈ ബാക്ക്ലോഗ് പരിഹരിക്കും. ഓരോ ആര്‍ടി ഓഫിസിലും സബ് ആര്‍ടി ഓഫിസിലും എത്ര അപേക്ഷകള്‍ കെട്ടിക്കിടക്കുന്നുണ്ടെന്ന് അടുത്ത ദിവസങ്ങളില്‍ പരിശോധിക്കും. കൂടുതല്‍ അപേക്ഷ ഉള്ള സ്ഥലങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരെ നിയമിച്ചു ബാക്ക് ലോഗ് പരിഹരിക്കും.
ലേണേഴ്‌സ് ലൈസന്‍സിന്റെ കാലാവധി തീരുമെന്ന ഭയം വേണ്ട. ആറു മാസം കഴിഞ്ഞാലും കാലാവധി നീട്ടിക്കിട്ടും. ചെറിയൊരു ഫീസ് അടച്ചാല്‍ മതി. ആ പരീക്ഷ ഇനി എഴുതേണ്ട. രണ്ട് വശത്തും ക്ലച്ചും ബ്രേക്കുമുള്ള വാഹനം ലോകത്ത് എവിടെയും ഡ്രൈവിംഗ് ടെസ്റ്റിന് ഉപയോഗിക്കാറില്ല. സ്വന്തമായ വാഹനത്തിലേക്ക് സര്‍ക്കാരെത്തുകയോ വാഹനം വാടകയ്‌ക്കെടുകയോ ചെയ്യുന്ന സംവിധാനമാകുന്നതുവരെ രണ്ടുവശത്തും ക്ലച്ചും ബ്രേക്കുമുള്ള വാഹനങ്ങള്‍ തത്കാലം ടെസ്റ്റിന് അനുവദിക്കും. ടെസ്റ്റ് നടക്കുമ്പോള്‍ പീഡനങ്ങളുണ്ടാകില്ലെന്ന് ഉറപ്പുവരുത്താന്‍ സ്ഥാപിക്കേണ്ട ക്യാമറകള്‍ മോട്ടര്‍ വെഹിക്കിള്‍ വിഭാഗം വാങ്ങാന്‍ തീരുമാനിച്ചു.