ഇസ്രായേലിലെ ഗലീലി കടലില്‍ ദിവസങ്ങളായി പ്രകടമാകുന്ന അസാധാരണമായ ചുവപ്പ് നിറമാണ് ചര്‍ച്ചാ വിഷയം. വരാനിരിക്കുന്ന ചിലതിന്റെ വെളിപ്പെടുത്തലാണിതെന്ന രീതിയില്‍ ബൈബിള്‍ അപ്പോക്കലിപ്‌സായി ചിലര്‍ പ്രചരിപ്പിച്ചതോടെ സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയും ആശങ്കയും ഉടലെടുത്തു. സന്ദര്‍ശകരില്‍ ചിലര്‍ ഈ രംഗം എക്‌സോദോസ് പുസ്തകത്തില്‍ ദൈവം ഈജിപ്തുകള്‍ക്കു നല്‍കിയ ബാധകളില്‍ ഒന്നിനോടും താരതമ്യം ചെയ്തു.
അതിനിടെ, കടല്‍ ചുവന്നതിനുള്ള ശാസ്ത്രീയ വിശദീകരണവുമായി ഇസ്രയേലി അധികൃതര്‍ രംഗത്തെത്തി്. ആല്‍ഗകളുടെ വളര്‍ച്ചയുമായി ബന്ധപ്പെട്ട ഒരു സ്വാഭാവിക പ്രതിഭാസമാണ് ഇതെന്നാണ് ഇസ്രായേലി അധികൃതര്‍ പറയുന്നത്. ഇസ്രായേലിലെ ഏറ്റവും വലിയ ശുദ്ധജല തടാകം കൂടിയാണ് ഗലീലി കടല്‍. കലടിന്റെ നിറം ആല്‍ഗകളുടെ പൂവിടല്‍ മൂലമാണ് ചുവപ്പായി മാറിയതെന്നാണ് ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിരിക്കുന്നത്. മനുഷ്യര്‍ക്ക് ഉപയോഗിക്കാന്‍ സുരക്ഷിതമായി വെള്ളം നിലനില്‍ക്കുന്നുണ്ട്.
തടാകത്തില്‍ സാധാരണയായി കാണപ്പെടുന്ന പച്ച മൈക്രോ ആല്‍ഗയായ ബോട്രിയോകോക്കസ് ബ്രൗണിയാണ് ഈ പരിവര്‍ത്തനത്തിന് കാരണം. പച്ച ആല്‍ഗയായ ബോട്രിയോകോക്കസ് ബ്രൗണി സൂര്യപ്രകാശത്തില്‍ ചുവന്ന പിഗ്മെന്റുകള്‍ ഉത്പാദിപ്പിക്കുന്നു. ഈ പിഗ്മെന്റ് ശേഖരണമാണ് ശ്രദ്ധേയമായ ചുവപ്പ് നിറത്തിന് കാരണമായത്. ജല മന്ത്രാലയം തടാകത്തിന്റെ ജല ഗുണനിലവാരവും ആവാസവ്യവസ്ഥയുടെ ആരോഗ്യവും നിരീക്ഷിക്കുന്നുണ്ട്. കിന്നറെറ്റ് റിസര്‍ച്ച് ലബോറട്ടറി നടത്തിയ കൂടുതല്‍ വിശകലനത്തില്‍ ആല്‍ഗകള്‍ പൊതുജനാരോഗ്യത്തിന് ഒരു അപകടവും ഉണ്ടാക്കുന്നില്ലെന്ന് കണ്ടെത്തി.
ഹൈഡ്രോകാര്‍ബണുകള്‍ ഉത്പാദിപ്പിക്കുന്നതിന് പേരുകേട്ട ഈ ആല്‍ഗയില്‍ ജൈവ ഇന്ധന സാധ്യതയ്ക്കായി പഠനങ്ങള്‍ പുരോഗമിക്കുകയാണ്. എന്നാല്‍, ഗലീലി കടലില്‍ ഇത് പെട്ടെന്ന് പൂക്കുന്നത് അസാധാരണമാണ്. 2022 ല്‍ ചാവുകടല്‍ പ്രദേശം ഉള്‍പ്പെടെ ഇസ്രായേലില്‍ മുമ്പ് സമാനമായ ആല്‍ഗ പൂവുകള്‍ കണ്ടിട്ടുണ്ട്. ക്രിസ്ത്യന്‍, ജൂത സമൂഹങ്ങള്‍ക്ക് ഈ തടാകം ആഴത്തിലുള്ള മതപരമായി കൂടി പ്രാധാന്യമുള്ളതാണ്.