ലോകത്തിലെ ഏറ്റവും വലിയ പവിഴപ്പുറ്റ് തിട്ടുകളുടെ ശൃംഖലയാണ് ഓസ്‌ടേലിയയുടെ തീരത്തുള്ള ഗ്രേറ്റ് ബാരിയര്‍ റീഫ്. ഓസ്‌ടേലിയയുടെ വടക്ക് കിഴക്ക് തീരത്ത് കോറല്‍ സീയില്‍ വടക്കുകിഴക്കന്‍ ഓസ്‌ട്രേലിയയിലെ ക്വീന്‍സ്‌ലാന്‍ഡിന്റെ തീരത്താണ് നീളത്തില്‍ കിടക്കുന്ന ലോകത്തെ തന്നെ അപൂര്‍വ്വമായ ഈ പ്രകൃതിവിസ്മയം.
കാലാവസ്ഥാ വ്യതിയാനത്തിന്റെ ഫലങ്ങള്‍ ഗ്രേറ്റ് ബാരിയര്‍ റീഫിനെ ബാധിച്ചു തുടങ്ങിയിട്ട് വര്‍ഷങ്ങളായി. എന്നാല്‍, 40 വര്‍ഷത്തിനിടയിലെ ഏറ്റവും വലിയ പവിഴപ്പുറ്റുകളുടെ നഷ്ടമാണ് ഇപ്പോള്‍ സംഭവിച്ചിരിക്കുന്നതെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന താപ സമ്മര്‍ദ്ദം, ചുഴലിക്കാറ്റുകള്‍, പവിഴപ്പുറ്റുകളെ ഭക്ഷിക്കുന്ന ക്രൗണ്‍ ഓഫ് തോണ്‍സ് സ്റ്റാര്‍ഫിഷിന്റെ പെട്ടന്നുള്ള ആക്രമണം എന്നിവ 2024 ല്‍ വന്‍ പവിഴപ്പുറ്റ് ബ്ലീച്ചിംഗിനാണ് ഇടയാക്കിയിരിക്കുന്നത്. പവിഴപ്പുറ്റുകളുടെ വലിയൊരു ഭാഗം ഇതെല്ലാം നശിപ്പിച്ചു. ഓസ്‌ട്രേലിയന്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മറൈന്‍ സയന്‍സിന്റെ വാര്‍ഷിക സര്‍വേയില്‍, സര്‍വേ ചെയ്യപ്പെട്ട പവിഴപ്പുറ്റുകളില്‍ പകുതിയോളം എണ്ണത്തില്‍ കുറവുണ്ടായതായി കണ്ടെത്തി.
ഗ്രേറ്റ് ബാരിയര്‍ റീഫ് ശ്യംഖലയില്‍ 2900 പവിഴപ്പുറ്റുകളും 900 ദ്വീപുകളുമുണ്ട്. 3000 കിലോമീറ്റര്‍ നീണ്ടുകിടക്കുന്ന ഗ്രേറ്റ് ബാരിയര്‍ റീഫിന്റെ വിസ്തീര്‍ണ്ണം 344,400 ചതുരശ്ര കിലോമീറ്ററാണ്. 2016 മുതല്‍ ഇങ്ങോട്ടു അഞ്ചു പ്രധാന ബ്ലീച്ചിംഗുകളെയാണ് ഗ്രേറ്റ് ബാരിയര്‍ റീഫിനു നേരിടേണ്ടി വന്നിട്ടുള്ളത്.
2024 ഓഗസ്റ്റ് മുതല്‍ 2025 മെയ് വരെയുള്ള സര്‍വേകള്‍ വടക്കന്‍, മധ്യ, തെക്കന്‍ മേഖലകളില്‍ 124 പവിഴപ്പുറ്റുകളെയാണ് ഉള്‍പ്പെടുത്തിയത്. ഏകദേശം 48 ശതമാനം പ്പുറ്റുകളിലും കുറവ് കാണിച്ച. 42 ശതമാനം സ്ഥിരതയോടെ തുടര്‍ന്നു, 10 ശതമാനം മാത്രമേ മെച്ചപ്പെട്ടിട്ടുള്ളൂ. വടക്കന്‍, മധ്യ പ്രദേശങ്ങളിലാണ് ബ്ലീച്ചിംഗ് ഏറ്റവും തീവ്രമായത്, ചില പവിഴപ്പുറ്റുകളില്‍ 60 ശതമാനം വരെ ബ്ലീച്ചിംഗ് വ്യാപനം അനുഭവപ്പെട്ടിട്ടുണ്ട്.
2017 മുതല്‍ 2024 വരെ പവിഴപ്പുറ്റുകളുടെ വീണ്ടെടുക്കലിനെ സഹായിച്ച, അതിവേഗം വളരുന്ന അക്രോപോറ പവിഴപ്പുറ്റുകളെ 2024 ലെ ബ്ലീച്ചിംഗ് സാരമായി ബാധിച്ചതായും കണ്ടെത്തിയിട്ടുണ്ട്. കഴിഞ്ഞ പത്തു വര്‍ഷത്തിനിടയിലെ രണ്ടാമത്തെ പ്രധാന കോറല്‍ ബ്ലീച്ചിങ്ങിലൂടെയാണ് ലോകം കടന്നു പോകുന്നതെന്ന് യു.എസ് നാഷനല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ കഴിഞ്ഞ വര്‍ഷം തന്നെ പറഞ്ഞിരുന്നു.