ശ്രീനഗര്‍ | പാകിസ്ഥാന്‍ ആസ്ഥാനമായുള്ള തീവ്രവാദ സംഘടനകള്‍ നടത്തുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളുടെ ഇരകളാക്കപ്പെടരുതെന്ന് കശ്മീരി യുവാക്കളോട് കൗണ്ടര്‍ ഇന്റലിജന്‍സ് കശ്മീര്‍ (സിഐകെ) മുന്നറിയിപ്പ്്. പാകിസ്ഥാന്‍ കമാന്‍ഡര്‍മാരുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന ഒരു നെറ്റ്വര്‍ക്കിനെതിരെ നടത്തിയ വലിയ നടപടിയെ തുടര്‍ന്നാണ് ഈ മുന്നറിയിപ്പ്. കശ്മീര്‍ താഴ്വരയിലുടനീളമുള്ള പത്ത് വ്യത്യസ്ത സ്ഥലങ്ങളില്‍ സിഐകെ റെയ്ഡുകള്‍ നടത്തിയതോടെയാണ് പാക്കിസ്ഥാനില്‍ നിന്ന് നിയന്ത്രിക്കുന്ന നിരവധി സോഷ്യല്‍മീഡിയാ പ്ലാറ്റ്‌ഫോമുകള്‍ ഇന്ത്യന്‍ കശ്മീരി യുവാക്കളെ ലക്ഷ്യമിട്ട് പ്രവര്‍ത്തിക്കുന്നതായി തെളിഞ്ഞത്.
”ഞങ്ങള്‍ കശ്മീരിലെ പത്ത് സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി, വിവിധ പാകിസ്ഥാന്‍ തീവ്രവാദ കമാന്‍ഡര്‍മാരും ഹാന്‍ഡ്ലര്‍മാരും നടത്തുന്ന മൊഡ്യൂള്‍ തകര്‍ത്തു, അവരുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവരെ കണ്ടെത്തുകയും ചെയ്തു. 16 നും 25 നും ഇടയില്‍ പ്രായമുള്ള നിരവധിപേരാണ് ഇത്തരം നെറ്റ്വര്‍ക്കിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഈ സംഭവത്തില്‍, പ്രത്യേകിച്ച് 16-25 വയസ്സ് പ്രായമുള്ളവരെ, ഇതില്‍ ഉള്‍പ്പെട്ട നിരവധി പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്” – സിഐകെ എസ്എസ്പി താഹിര്‍ അഷ്റഫ് പറഞ്ഞു.
സോഷ്യല്‍ മീഡിയ ആപ്ലിക്കേഷനുകള്‍ വഴിയാണ് ഹാന്‍ഡ്ലര്‍മാര്‍ പ്രായപൂര്‍ത്തിയാകാത്തവരെ വരെ തങ്ങളുടെ ലക്ഷ്യങ്ങളിലേക്ക് ആകര്‍ഷിക്കുന്നത്. അതുകൊണ്ട് തന്നെ സോഷ്യല്‍ മീഡിയയുടെ ഉത്തരവാദിത്തപരമായ ഉപയോഗത്തിന് സിഐകെ ആഹ്വാനം നല്‍കി. കണ്ടെത്തലുകളുടെ വെളിച്ചത്തില്‍, യുവാക്കള്‍ ഓണ്‍ലൈനില്‍ ജാഗ്രത പാലിക്കണം. സോഷ്യല്‍ മീഡിയ വളരെ വിവേകത്തോടെയും ഉത്തരവാദിത്തത്തോടെയും ഉപയോഗിക്കണം. ഇത്തരം പാക്പ്രവര്‍ത്തനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ അടുത്തുള്ള പോലീസ് സ്‌റ്റേഷനില്‍ അറിയിക്കണമെന്നും സിഐകെ എസ്എസ്പി താഹിര്‍ അഷ്റഫ് പറഞ്ഞു.