തിരുവനന്തപുരം | കോണ്‍ഗ്രസ് പ്രാദേശിക നേതാവുമായുള്ള ഫോണ്‍ സംഭാഷണം പുറത്തുവന്നതോടെ വെട്ടിലായ തിരുവനന്തപുരം ഡിസിസി പ്രസിഡന്റ് പാലോട് രവി വിശദീകരണവുമായി രംഗത്ത്. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മൂന്നാം സ്ഥാനത്തേക്ക് പോകുമെന്നും തദ്ദേശതിരഞ്ഞെടുപ്പോടെ കോണ്‍ഗ്രസ് ഇല്ലാതാകുമെന്നുമാണ് ഫോണ്‍ സംഭാഷണത്തില്‍ പാലോട് രവി പറയുന്നത്.
സംഭവം വിവാദമായതോടെയാണ് പാലോട് രവി വിശദീകരണവുമായി വന്നത്. വരാനിരിക്കുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ ഒറ്റക്കെട്ടായി പോകണമെന്ന സന്ദേശമാണ് നല്‍കിയതെന്നും മണ്ഡലങ്ങളില്‍ ജാഗ്രത വേണമെന്നാണ് പറഞ്ഞതെന്നും പാലോട് രവി മാദ്ധ്യമങ്ങളോട് പറഞ്ഞു.
‘ഡിസിസി പ്രസിഡന്റായത് കൊണ്ട് പ്രവര്‍ത്തകര്‍ വിളിക്കും. ഒരു സ്ഥലത്ത് നിന്ന് വിളിച്ചപ്പോള്‍ അവര്‍ പരസ്പരം പരാതി പറഞ്ഞു. ഞാന്‍ അവരോട് പറഞ്ഞു, പഞ്ചായത്ത് ഇലക്ഷന്‍ ജയിക്കണം. എന്നാലേ നിയമസഭയില്‍ നമുക്ക് ജയിക്കാന്‍ പറ്റൂ. പഞ്ചായത്ത് ഇലക്ഷന്‍ ജയിക്കണമെങ്കില്‍ നിങ്ങള്‍ ഒറ്റക്കെട്ടായി നില്‍ക്കണം. അവിടെയുള്ള ഭിന്നതകള്‍ എല്ലാം നിങ്ങള്‍ പറഞ്ഞുതീര്‍ക്കണം. നിങ്ങള്‍ എല്ലാവരും ഒരുമിച്ച് നിന്നാല്‍ അതാണ് പാര്‍ട്ടിയുടെ മുഖം. ഇതാണ് ഈ ജില്ലയില്‍ നിന്ന് കഴിഞ്ഞ മൂന്ന് വര്‍ഷമായി സംഘടനാപരമായി താഴോട്ട് നല്‍കിക്കൊണ്ടിരിക്കുന്ന സന്ദേശം. അതുകൊണ്ട് ഭിന്നതയുണ്ടെങ്കില്‍, നിങ്ങള്‍ക്ക് പഞ്ചായത്ത് ജയിക്കാന്‍ സാധിക്കില്ല. ഈ ഒരു സന്ദേശമാണ് താഴോട്ട് നല്‍കിയത്’- പാലോട് രവി പറഞ്ഞു.
എന്നാല്‍ പാലോട് രവിക്കെതിരേ പാര്‍ട്ടിക്കുള്ളില്‍ വലിയ അമര്‍ഷമാണ് ഉള്ളത്. മുതിര്‍ന്ന നേതാവായിട്ടും പാലോട് രവി പക്വതയില്ലാതെ സംസാരിച്ചൂവെന്നാണ് കോണ്‍ഗ്രസ് നേതൃത്വം വിലയിരുത്തുന്നത്. ഡിസിസി പ്രസിഡന്റെന്ന നിലയില്‍ പറയേണ്ട വേദിയിലല്ല പാലോട് രവി ഇത്തരം കാര്യങ്ങള്‍ ചര്‍ച്ച ചെയ്തതെന്നും പ്രാദേശിക നേതാക്കളോട് പറയേണ്ട കാര്യങ്ങളല്ല പങ്കുവച്ചതെന്നുമാണ് കോണ്‍ഗ്രസിലെ പൊതുവികാരം.