തിരുവനന്തപുരം | ഒരു മാസം മുമ്പ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തി, അതിനുശേഷം പാര്‍ക്ക് ചെയ്തിരുന്ന ബ്രിട്ടീഷ് റോയല്‍ നേവി എഫ്-35 ബി ലൈറ്റ്‌നിംഗ് ഫൈറ്റര്‍ ജെറ്റ് നാളെ (ചൊവ്വ) നാട്ടിലേക്ക് പറക്കാന്‍ ഒരുങ്ങുകയാണെന്ന് റിപ്പോര്‍ട്ട്.
യുകെയിലെ ഏറ്റവും നൂതനമായ സ്റ്റെല്‍ത്ത് ഫ്‌ലീറ്റിന്റെ ഭാഗമായ ജെറ്റിന്റെ അറ്റകുറ്റപ്പണികള്‍ പൂര്‍ത്തിയായതായി വിമാനത്താവള വൃത്തങ്ങള്‍ അറിയിച്ചു. ‘ഇത് ഇപ്പോള്‍ ഹാംഗറില്‍ നിന്ന് പുറത്തെടുക്കുകയാണ്. ജെറ്റ് നമ്മുടെ ബേയിലേക്ക് കൊണ്ടുവരും, ചൊവ്വാഴ്ച അത് തിരികെ പറക്കും’ – അധികൃതര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും നൂതനമായ യുദ്ധവിമാനങ്ങളില്‍ ഒന്നായി അറിയപ്പെടുന്നതും 110 മില്യണ്‍ ഡോളറിലധികം വിലയുള്ളതുമായ ജെറ്റ്, സാങ്കേതിക തകരാറിനെ തുടര്‍ന്ന് ജൂണ്‍ 14 മുതല്‍ ഇവിടത്തെ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിലത്തിറക്കിയിട്ടിരിക്കുകയാണ്. പിന്നീട്, ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്താന്‍ യുകെയില്‍ നിന്നുള്ള ഏവിയേഷന്‍ എഞ്ചിനീയര്‍മാര്‍ ഇവിടെയെത്തി. ലാന്‍ഡിംഗ് ചാര്‍ജിന് പുറമേ, വിമാനത്താവളത്തില്‍ വിമാനത്തിന് ദിവസേനയുള്ള വാടകയും പാര്‍ക്കിംഗ് ഫീസും ഇടാക്കും.