കൊല്ലം | ആയൂരില്‍ പ്രവര്‍ത്തിച്ചിരുന്ന ലാവിഷ് ടെക്‌സ്‌റ്റൈയില്‍ സ്ഥാപനത്തിന്റെ ഉടമയെയും സ്ഥാപനത്തിലെ ഓഫീസ് മാനേജരായ ജീവനക്കാരിയേയും സ്ഥാപനത്തിനുള്ളില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. കോഴിക്കോട് സ്വദേശി അലി, പള്ളിക്കല്‍ സ്വദേശിനി ദിവ്യമോള്‍ എന്നിവരെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. മറ്റ് ജീവനക്കാര്‍ എത്തിയപ്പോള്‍ ഷോപ്പ് അടച്ചിരുന്നതിനെ തുടര്‍ന്ന് പരിശോധന നടത്തിയപ്പോഴാണ് ഷോപ്പിനകത്ത് ഇരുവരെയും രണ്ട് ഫാനിലായി തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്. ഉടന്‍ ചടയമംഗലം പോലീസില്‍ വിവരം അറിയിച്ചു. പോലീസും ഫോറന്‍സിക് സംഘവും സ്ഥലത്തെത്തി പരിശോധന നടത്തി.

ജീവനക്കാരിയായ ദിവ്യമോള്‍ സ്ഥാപന ഉടമ അലിയുമായി അടുത്ത സൗഹൃദത്തിലായിരുന്നുവെന്ന് ജീവനക്കാര്‍ പോലീസില്‍ മൊഴി നല്‍കിയിട്ടുണ്ട്. മുമ്പ് ചടയമംഗലത്തെ മേടയില്‍ ജംഗ്ഷനിലെ ഒരു ഫര്‍ണിച്ചര്‍ കടയില്‍ ജോലി ചെയ്തിരുന്നയാളാണ് ദിവ്യമോള്‍. അവിടെ അലി പങ്കാളിയായിരുന്നു. കഴിഞ്ഞ വര്‍ഷം ഓണത്തിന് മുന്നോടിയായി അലി ആയൂരില്‍ ടെക്‌സ്‌റ്റൈല്‍ ഷോപ്പ് ആരംഭിച്ചപ്പോള്‍ ദിവ്യമോളെ മാനേജരായി നിയമിച്ചു. ഇവര്‍ ഒന്നിച്ചാണ് ബംഗളൂരും കോയമ്പത്തൂരും പോയി വസ്ത്രങ്ങള്‍ വാങ്ങിയിരുന്നത്. ഇന്നലെ ദിവ്യമോള്‍ വീട്ടില്‍ മടങ്ങിയെത്തിയിരുന്നില്ല. എന്നാല്‍ ഫോണില്‍ വിളിച്ചിട്ടും കിട്ടാതായതോടെ അന്വേഷണം ആരംഭിച്ചു. മരണപ്പെട്ട ദിവ്യമോള്‍ക്ക് 15 ഉം 10 ഉം വയസ്സുള്ള രണ്ടു പെണ്‍കുട്ടികളുണ്ട്. പാരിപ്പള്ളിയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടങ്ങള്‍ നടത്തി.

LEAVE A REPLY

Please enter your comment!
Please enter your name here