പാലക്കാട് | നിപ ജാഗ്രത നടപടികളുടെ ഭാഗമായി പാലക്കാട് ജില്ലയിലെ മണ്ണാര്‍ക്കാട് താലൂക്കില്‍ മാസ്‌ക് നിര്‍ബന്ധമാക്കി പുതിയ ഉത്തരവ് ഇറക്കി. ജില്ലാ ഭരണകൂടം പുറത്തിറക്കിയ നിര്‍ദേശത്തില്‍ പ്രകാരം, കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വര്‍ക്ക് ഫ്രം ഹോം സംവിധാനവും ഏര്‍പ്പെടുത്തി. വര്‍ക്ക് ഫ്രം ഹോം നടത്താനാകാത്ത ജീവനക്കാര്‍ക്ക് പ്രത്യേക അവധി അനുവദിക്കുന്നതിന് പൊതുഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിക്ക് കത്ത് നല്‍കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു. കണ്ടെയ്ന്‍മെന്റ് സോണുകളിലെ സ്‌കൂളുകളും കോളേജുകളും താത്കാലികമായി അടച്ച്, വിദ്യാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ സംഘടിപ്പിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. നിപ പ്രതിരോധത്തിന്റെ ഭാഗമായുള്ള ഈ കര്‍ശന നടപടികള്‍ പ്രദേശത്തെ ജനങ്ങളുടെ ആരോഗ്യ സുരക്ഷ ഉറപ്പാക്കുന്നതിനായാണ് എടുത്തതെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.