തിരുവനന്തപുരം | കോണ്‍ഗ്രസ് എം.പിയായ ശശി തരൂര്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പോലീസ് സംരക്ഷണമൊരുക്കാന്‍ സര്‍ക്കാര്‍. നിരന്തരമായി പ്രധാനമന്ത്രി നരേന്ദമോഡിയെ പുകഴ്ത്തിക്കൊണ്ട് കോണ്‍ഗ്രസ് നേതൃത്വത്തെ വെട്ടിലാക്കുന്ന ശശി തരൂരിനോട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കിടയില്‍ വന്‍ പ്രതിഷേധമുണ്ട്. ഇക്കാര്യം വിലയിരുത്തിക്കൊണ്ടാണ് തരൂര്‍ ആക്രമിക്കപ്പെട്ടേക്കുമെന്ന റിപ്പോര്‍ട്ട് രഹസ്യ അന്വേഷണവിഭാഗം സമര്‍പ്പിച്ചത്. ഇതോടെ എം.പി ശശി തരൂരിനും തലസ്ഥാനത്തെ ഓഫീസിനും പോലീസ് കവചമൊരുക്കും.
ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് ആഭ്യന്തര വകുപ്പിനും ഡിജിപിക്കും നല്‍കിയതായാണ് സൂചന. പോലീസ് സംരക്ഷണം നല്‍കണമെന്ന റിപ്പോര്‍ട്ടിനെക്കുറിച്ച് തരൂരിനെ ഉടന്‍ പോലീസ് അറിയിക്കും. ശശി തരൂരിന്റെ നിലപാട് അനുസരിച്ചാകും സര്‍ക്കാര്‍ ഇക്കാര്യത്തില്‍ തുടര്തീരുമാനങ്ങള് എടുക്കുക.