കൊച്ചി | കേരള തീരത്ത് ഡോള്‍ഫിനുകള്‍ നിരന്തരമായി ചത്തടിയുന്നതില്‍ ആശങ്ക പ്രകടിപ്പിച്ച് മത്സ്യത്തൊഴിലാളികള്‍. കഴിഞ്ഞ മാസം ആലപ്പുഴ ജില്ലയിലെ തീരപ്രദേശങ്ങളില്‍ അഞ്ച് ഡോള്‍ഫിനുകളാണ് ചത്തടിച്ചത്. കഴിഞ്ഞയാഴ്ച തൃശ്ശൂരിലെ അരീക്കോട് തീരത്ത് രണ്ട് ഡോള്‍ഫിനുകളുടെ അഴുകിയ ശവശരീരങ്ങളും കണ്ടെത്തി. മുങ്ങിയ കപ്പലായ എംഎസ്സി എല്‍സ 3 യുടെ കണ്ടെയ്നറുകളില്‍ നിന്നുള്ള കാല്‍സ്യം കാര്‍ബൈഡ് ഉള്‍പ്പെടെയുള്ള രാസവസ്തുക്കള്‍ മൂലമുണ്ടാകുന്ന മലിനീകരണമാണ് ഡോള്‍ഫിനുകളുടെ മരണത്തിന് കാരണമെന്നും ഇവയുടെ കാരണം കണ്ടെത്താന്‍ പഠനം നടത്തണമെന്നും മത്സ്യത്തൊഴിലാളികള്‍ ആവശ്യപ്പെടുകയാണ്.
എന്നാല്‍, ഡോള്‍ഫിനുകളുടെ മരണത്തിന് കാരണം രാസ വിഷബാധയാണെന്ന് സൂചിപ്പിക്കുന്ന ഒരു റിപ്പോര്‍ട്ടും ഇല്ലെന്നാണ് അധികൃതര്‍ പറയുന്നത്. തൃശ്ശൂരിലെ അരീക്കോട് തീരത്തടിഞ്ഞ ഡോള്‍ഫിന്റെ ആന്തരിക അവയവങ്ങളുടെ സാമ്പിളുകള്‍ പോസ്റ്റ്മോര്‍ട്ടത്തിനായി മണ്ണുത്തിയിലെ കേരള വെറ്ററിനറി സര്‍വകലാശാലയിലേക്ക് അയച്ചിരുന്നു. വിഷശാസ്ത്ര പരിശോധനയ്ക്കായി കാക്കനാട്ടുള്ള ഫോറന്‍സിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നാണ് വെറ്ററിനറി പാത്തോളജി അസിസ്റ്റന്റ് സര്‍ജന്‍ ആര്‍ അനുപ്രാജ് പറയുന്നത്. പരിശോധനാ റിപ്പോര്‍ട്ടിനായി കാത്തിരിക്കയാണെന്നും അധികൃതര്‍ പറയുന്നു.