ന്യൂഡല്‍ഹി | വിവിധ കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളിലും സ്ഥാപനങ്ങളിലും പുതുതായി നിയമിതരായ 51,000 ത്തിലധികം യുവാക്കള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നാളെ നിയമന കത്തുകള്‍ വിതരണം ചെയ്യും. വിദൂരദൃശ്യസംവിധാനത്തിലൂടെ
രാവിലെ 11 മണിയോടെയാണ് ചടങ്ങുകള്‍ നടക്കുക. നിയമനം ലഭിച്ച ഉദ്യോഗാര്‍ഥികളെ ചടങ്ങില്‍ അദ്ദേഹം അഭിസംബോധന ചെയ്യും.
തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുക എന്നതിന് ഉയര്‍ന്ന മുന്‍ഗണന നല്‍കുന്ന പ്രധാനമന്ത്രിയുടെ പ്രതിബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ഒരു ചുവടുവയ്പ്പാണ് തൊഴില്‍ മേള. യുവാക്കളുടെ ശാക്തീകരണത്തിനും, രാഷ്ട്രനിര്‍മ്മാണത്തില്‍ അവരുടെ പങ്കാളിത്തത്തിനും അര്‍ത്ഥവത്തായ അവസരങ്ങള്‍ നല്‍കുന്നതില്‍ റോസ്ഗാര്‍ മേളകള്‍ പ്രധാന പങ്ക് വഹിക്കുന്നു. തൊഴില്‍ മേളകള്‍ വഴി ഇതുവരെ 10 ലക്ഷത്തിലധികം നിയമന കത്തുകള്‍ വിതരണം ചെയ്തിട്ടുണ്ട്.
രാജ്യത്തുടനീളമുള്ള 47 സ്ഥലങ്ങളിലായാണ് പതിനാറാമത് തൊഴില്‍ മേള നടക്കുന്നത്. കേന്ദ്ര സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളിലും വകുപ്പുകളിലുമാണ് നിയമനങ്ങള്‍ നടക്കുക. റെയില്‍വേ മന്ത്രാലയം, ആഭ്യന്തര മന്ത്രാലയം, തപാല്‍ വകുപ്പ്, ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയം, ധനകാര്യ സേവന വകുപ്പ്, തൊഴില്‍ മന്ത്രാലയം തുടങ്ങിയ വകുപ്പുകളിലും മന്ത്രാലയങ്ങളിലുമായാണ് രാജ്യത്തുടനീളം പുതിയതായി നിയമനം ലഭിച്ച യുവാക്കള്‍ ജോലിയില്‍ പ്രവേശിക്കുന്നത്.