ന്യൂഡല്‍ഹി | ഗുജറാത്തിലെ വഡോദര ജില്ലയിലെ നദിക്ക് കുറുകെയുള്ള പാലം തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് മൃതദേഹങ്ങള്‍ കൂടി കണ്ടെടുത്തതോടെ മരിച്ചവരുടെ എണ്ണം 15 ആയി ഉയര്‍ന്നു.
പദ്ര പട്ടണത്തിനടുത്തുള്ള ഗംഭീര ഗ്രാമത്തിന് സമീപം നാല് പതിറ്റാണ്ട് പഴക്കമുള്ള പാലത്തിന്റെ ഒരു ഭാഗം ബുധനാഴ്ചയാണ് തകര്‍ന്നത്. തുടര്‍ന്ന് നിരവധി വാഹനങ്ങള്‍ മഹിസാഗര്‍ നദിയിലേക്ക് മറിഞ്ഞു. സംഭവത്തില്‍ പരിക്കേറ്റ അഞ്ച് പേര്‍ നിലവില്‍ ചികിത്സയിലാണ്. കണ്ടെത്തിയ രണ്ട് മൃതദേഹങ്ങള്‍ മെഹ്റാം ഹാതിയ (51), വിഷ്ണു റാവല്‍ (27) എന്നിവരാണെന്ന് തിരിച്ചറിഞ്ഞു.
മധ്യ ഗുജറാത്തിനെ സംസ്ഥാനത്തെ സൗരാഷ്ട്ര മേഖലയുമായി ബന്ധിപ്പിക്കുന്ന ഗംഭീര-മുജ്പൂര്‍ പാലത്തിന്റെ ഒരു സ്ലാബാണ് പൂര്‍ണ്ണമായും തകര്‍ന്നത്. റോഡ്‌സ് ആന്‍ഡ് ബില്‍ഡിംഗ്‌സ് വകുപ്പിലെ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന സംഘം ഉന്നതതല അന്വേഷണം നടത്താന്‍ സ്ഥലം സന്ദര്‍ശിച്ചു.