തിരുവനന്തപുരം | കേന്ദ്ര സര്‍ക്കാരിന്റെ തൊഴില്‍ നയങ്ങള്‍ക്കെതിരെ സംയുക്ത ട്രേഡ് യൂണിയന്‍ ആഹ്വാനം ചെയ്ത രാജ്യവ്യാപക പണിമുടക്ക് കേരളത്തിലുടനീളം ശക്തം. പൊതുഗതാഗത സേവനങ്ങളെല്ലാം നിശ്ഛലമാണ്. പണിമുടക്കില്‍ പങ്കെടുക്കുന്ന ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സര്‍ക്കുലര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും, സര്‍ക്കാര്‍ ഓഫീസുകളില്‍ ഹാജര്‍ നില കുറവാണ്.
പണിമുടക്കിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കേരളത്തിലുടനീളമുള്ള കെഎസ്ആര്‍ടിസി സര്‍വീസുകള്‍ മിക്കവാറും നിര്‍ത്തിവച്ചിട്ടുണ്ട്. പല സ്ഥലങ്ങളിലും, സര്‍വീസ് നടത്താന്‍ തയ്യാറായിരുന്ന ബസുകള്‍ പ്രതിഷേധക്കാര്‍ തടഞ്ഞതിനാല്‍ നിരവധി യാത്രക്കാര്‍ കുടുങ്ങി. പത്തനംതിട്ടയില്‍ നിന്ന് കൊല്ലത്തേക്ക് ബസ് ഓടിക്കുമ്പോള്‍ കെഎസ്ആര്‍ടിസി ഡ്രൈവര്‍ ഷിബു തോമസ് ഹെല്‍മെറ്റ് ധരിച്ചത് കൗതുകമായി. ഇതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായി.
നെയ്യാറ്റിന്‍കര ഡിപ്പോയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടറായ ഷിബുവിനെ പണിമുടക്ക് അനുകൂലികള്‍ ആക്രമിച്ചതായി ആരോപണമുണ്ട്. ബസിലുണ്ടായിരുന്ന യാത്രക്കാരെ ഇറക്കിവിട്ടു. കേന്ദ്രത്തിന്റെ തൊഴില്‍ പരിഷ്‌കാരങ്ങളിലും കോര്‍പ്പറേറ്റ് അനുകൂല നയങ്ങളിലും പ്രതിഷേധിച്ചാണ് പത്ത് പ്രധാന ട്രേഡ് യൂണിയനുകള്‍ ആഹ്വാനം ചെയ്ത പണിമുടക്ക് നടക്കുന്നത്.