ന്യൂഡല്‍ഹി | പാകിസ്ഥാന്‍ നടി ഹുമൈറ അസ്ഗര്‍ അലിയുടെ മൃതദേഹം അഴുകിയ നിലയില്‍ കണ്ടെത്തി. കറാച്ചിയിലെ ഇത്തിഹാദ് കൊമേഴ്സ്യല്‍ ഏരിയയിലുള്ള അവരുടെ അപ്പാര്‍ട്ട്‌മെന്റിലാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് ഏകദേശം രണ്ടാഴ്ചത്തെ പഴക്കമുണ്ട്.
ആവര്‍ത്തിച്ച് മുട്ടിയിട്ടും പ്രതികരണമൊന്നും ലഭിക്കാത്തപ്പോള്‍ പോലീസ് വാതില്‍ പൊളിച്ചാണ് അകത്തുകയറിയത്. കഴിഞ്ഞ ഏഴ് വര്‍ഷമായി അപ്പാര്‍ട്ട്‌മെന്റില്‍ ഒറ്റയ്ക്കാണ് ഹുമൈറ അസ്ഗര്‍ അലി താമസിക്കുന്നത്. വീട്ടില്‍ നിന്ന് ദുര്‍ഗന്ധം വമിച്ചതുകൊണ്ടാണ് അയല്‍ക്കാര്‍ പോലീസിനെ വിളിച്ചറിയിക്കാന്‍ കാരണമായത്. മരണകാരണം ഇതുവരെ കണ്ടെത്തിയിട്ടില്ല. മൃതദേഹം കൂടുതല്‍ പരിശോധനയ്ക്കായി ജിന്ന പോസ്റ്റ് ഗ്രാജുവേറ്റ് മെഡിക്കല്‍ സെന്ററിലേക്ക് കൊണ്ടുപോയി.