വാഷിംഗ്ടണ്‍ | യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മുന്‍ സഖ്യകക്ഷിയായ എലോണ്‍ മസ്ക്, അമേരിക്കയില്‍ ഒരു പുതിയ രാഷ്ട്രീയ പാര്‍ട്ടി ആരംഭിച്ചു. ലോകത്തിലെ ഏറ്റവും ധനികനും 2024 ലെ തിരഞ്ഞെടുപ്പില്‍ ട്രംപിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ദാതാവുമായ എലോണ്‍ മസ്ക് ട്രംപുമായി വേര്‍പിരിഞ്ഞശേഷമാണ് ഈ നീക്കം. ട്രംപിന്റെ സര്‍ക്കാരില്‍ ഗവണ്മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റ് (ഡോഗ്) എന്നറിയപ്പെടുന്നതിന്റെ തലവനായി ചെലവ് കുറയ്ക്കാനും ഫെഡറല്‍ ജോലികള്‍ വെട്ടിക്കുറയ്ക്കാനുമുള്ള ശ്രമത്തിന് നേതൃത്വം നല്‍കിയത് എലോണ്‍ മസ്കായിരുന്നു. പക്ഷേ, തുടക്കത്തില്‍തന്നെ ഡൊണാള്‍ഡ് ട്രംപുമായി കടുത്ത അഭിപ്രായവ്യത്യാസം ഉണ്ടായതോടെ മസ്കിന്റെ കടുത്ത നീക്കമാണ് ഈ രാഷ്ട്രീയപാര്‍ട്ടി പ്രഖ്യാപനം.
പ്രസിഡന്റിന്റെ ആഭ്യന്തര ചെലവ് പദ്ധതിയെച്ചൊല്ലിയാണ് മസ്ക് ട്രംപുമായി ഏറ്റുമുട്ടിയത്. ‘നമ്മുടെ രാജ്യത്തെ മാലിന്യവും അഴിമതിയും കൊണ്ട് പാപ്പരാക്കുന്ന കാര്യം വരുമ്പോള്‍, നമ്മള് ജീവിക്കുന്നത് ജനാധിപത്യത്തിലല്ല, ഒരു ഏകകക്ഷി സംവിധാനത്തിലാണ്’ – സ്പേസ് എക്സ്, ടെസ്ല മേധാവിയായ തന്റെ ഉടമസ്ഥതയിലുള്ള സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്സില്‍ എലോണ്‍ മസ്ക്
പോസ്റ്റ് ചെയ്തു.
‘ഇന്ന്, നിങ്ങളുടെ സ്വാതന്ത്ര്യം തിരികെ നല്‍കുന്നതിനാണ് അമേരിക്ക പാര്‍ട്ടി രൂപീകരിച്ചിരിക്കുന്നത്’ – ഇതായിരുന്നു പഞ്ച് ഡയലോഗ്. കോണ്‍ഗ്രസ് പാസാക്കി നിയമത്തില്‍ ഒപ്പുവച്ച ഫ്ലാഗ്ഷിപ്പ് ചെലവ് ബില്ലിനെ മസ്ക് ശക്തമായി വിമര്‍ശിച്ചതിന് ശേഷം, ടെക് വ്യവസായിയെ നാടുകടത്തുമെന്നും അദ്ദേഹത്തിന്റെ ബിസിനസുകളില്‍ നിന്ന് ഫെഡറല്‍ ഫണ്ടുകള്‍ പിന്‍വലിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു.