കൊച്ചി | രക്ഷാപ്രവര്‍ത്തനത്തിനിടെ പുതിയ തീപിടിത്തമുണ്ടായതിനെത്തുടര്‍ന്ന് വാന്‍ ഹായ് 503 കപ്പലിന്റെ ടോവിംഗ് പ്രവര്‍ത്തനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചു. തുടര്‍ച്ചയായി തീപടരുന്നതിന് കാരണം കപ്പലിനുള്ളില്‍ പുറത്തറിയിക്കാതെ വച്ചിരിക്കുന്ന രാസവസ്തുക്കളാകാമെന്ന സംശയം ഉയരുകയാണ്. രക്ഷാപ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കിയിട്ടും ആവര്‍ത്തിച്ചുള്ള തീപിടുത്തങ്ങള്‍ക്ക് കാരണം ഇതാണെന്ന് ഉദ്യോഗസ്ഥര്‍ സംശയിക്കുന്നു. കപ്പലിലുള്ള 243 കണ്ടെയ്‌നറുകളില്‍ ഇതുവരെ വെളിപ്പെടുത്താത്ത സാധനങ്ങള്‍ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് കണ്ടെത്തിയിട്ടുണ്ട്.
ബുധനാഴ്ച രാത്രി വാന്‍ ഹായ് കപ്പല്‍ ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ പ്രവേശിച്ചു. ഇപ്പോള്‍ 200 നോട്ടിക്കല്‍ മൈല്‍ അതിര്‍ത്തിയില്‍ നിന്ന് 3.5 നോട്ടിക്കല്‍ മൈല്‍ തെക്കായിട്ടാണ് ഇത് സ്ഥിതി ചെയ്യുന്നത്. വെള്ളിയാഴ്ച വീണ്ടും തീ കണ്ടെത്തിയിരുന്നു. തീ പൂര്‍ണ്ണമായും അണയുന്നതുവരെ ശ്രീലങ്കയിലെ ഹംബന്‍ടോട്ട തുറമുഖത്തേക്ക് കപ്പല്‍ മാറ്റുന്നത് അനിശ്ചിതത്വത്തിലാക്കി. കപ്പല്‍ ഒരു ആഫ്രിക്കന്‍ രാജ്യത്തിലെ ഒരു തുറമുഖത്തേക്ക് മാറ്റുന്നതിനെക്കുറിച്ച് ഡയറക്ടറേറ്റ് ജനറല്‍ ഓഫ് ഷിപ്പിംഗ് (ഡിജി ഷിപ്പിംഗ്) ഇപ്പോള്‍ ആലോചിക്കുന്നുണ്ട്.
അഡ്വാന്റിസ് വിര്‍ഗോയുടെ ടഗ് ബോട്ടിന്റെ സഹായത്തോടെ, തീ അണയ്ക്കാന്‍ ഏകദേശം 12,000 ലിറ്റര്‍ കെമിക്കല്‍ മിശ്രിതം ഇതിനകം ഉപയോഗിച്ചു. ഏകദേശം 3,000 ലിറ്റര്‍ മിശ്രിതം അവശേഷിക്കുന്നു. ആവശ്യമെങ്കില്‍ സിംഗപ്പൂരില്‍ നിന്ന് കൂടുതല്‍ കെമിക്കല്‍ സാധനങ്ങള്‍ വാങ്ങാന്‍ അധികൃതര്‍ ശ്രമിക്കുന്നു.