തിരുവനന്തപുരം | ജൂണ്‍ 14 ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ അടിയന്തരമായി ലാന്‍ഡിംഗ് നടത്തിയ ബ്രിട്ടീഷ് റോയല്‍ നേവിയുടെ എഫ്-35ബി യുദ്ധവിമാനം ഭാഗികമായി പൊളിച്ച് ഒരു സൈനിക കാര്‍ഗോ വിമാനത്തില്‍ യുകെയിലേക്ക് തിരികെ കൊണ്ടുപോകാന്‍ സാധ്യത. നിരവധി തവണ ശ്രമിച്ചിട്ടും ഞ്ചാം തലമുറ സ്റ്റെല്‍ത്ത് ജെറ്റ് നന്നാക്കാന്‍ കഴിഞ്ഞില്ല. പരിഹരിക്കപ്പെടാത്ത സാങ്കേതിക തകരാര്‍ കാരണമാണ് വിമാനം നിലത്തിറക്കിയത്. ജെറ്റിനെ പറപ്പിക്കാന്‍ കഴിയാതെ വന്നതോടെയാണ് ഭാഗികമായി പൊളിക്കാനുള്ള നീക്കം. യുകെയില്‍ നിന്നുള്ള ഒരു എഞ്ചിനീയറിംഗ് സംഘവും ഇതുവരെ ഇന്ത്യയില്‍ എത്തിയിട്ടില്ല.
എച്ച്എംഎസ് പ്രിന്‍സ് ഓഫ് വെയില്‍സ് കാരിയര്‍ സ്ട്രൈക്ക് ഗ്രൂപ്പിന്റെ ഭാഗമായിരുന്ന എഫ്-35ബി, കേരള തീരത്ത് നിന്ന് ഏകദേശം 100 നോട്ടിക്കല്‍ മൈല്‍ അകലെയുള്ളപ്പോഴാണ് മോശം കാലാവസ്ഥയും കുറഞ്ഞ ഇന്ധനവും കാരണം തിരുവനന്തപുരം വിമാനത്താവളത്തില്‍ ഇറക്കിയത്. ഫൈറ്റര്‍ ജെറ്റ് വിമാനത്താവളത്തിന്റെ ബേ 4 ല്‍ പാര്‍ക്ക് ചെയ്തിട്ടുണ്ട്. കൂടാതെ കേന്ദ്ര വ്യാവസായിക സുരക്ഷാ സേനയുടെ (സിഐഎസ്എഫ്) സുരക്ഷയിലാണ്.