ഡെറാഡൂണ്‍ | ബുധനാഴ്ച രാത്രി 10 മണിയോടെ പെട്ടെന്നുണ്ടായ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലും മൂലം ഉത്തരാഖണ്ഡിലുണ്ടായ ഉരുള്‍പൊട്ടലില്‍ കുടുങ്ങിയ കേദാര്‍നാഥ് തീര്‍ത്ഥാടകരെ എസ്ഡിആര്‍എഫ് രക്ഷപ്പെടുത്തി. സോന്‍പ്രയാഗില്‍ ഉണ്ടായ ഉരുള്‍പൊട്ടലിനെ തുടര്‍ന്ന് കുടുങ്ങിക്കിടന്നിരുന്ന 40 തീര്‍ത്ഥാടകരെയാണ് സംസ്ഥാന ദുരന്ത നിവാരണ സേന രക്ഷപ്പെടുത്തിയത്. കേദാര്‍നാഥ് യാത്രാ റൂട്ടിലെ ഒരു പ്രധാന ഗതാഗത കേന്ദ്രമായ സോന്‍പ്രയാഗിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്. ഉരുള്‍പൊട്ടലിന്റെയും മണ്ണിടിച്ചിലിന്റെയും അവശിഷ്ടങ്ങള്‍ നിറഞ്ഞ് റോഡുകളും ഗതാഗതവും തടസ്സപ്പെട്ടു. സിലായ് ബന്ദിനും ഓജ്രിക്കും ഇടയിലുള്ള റോഡിന്റെ ചില ഭാഗങ്ങള്‍ തുടര്‍ച്ചയായ മഴയില്‍ ഒലിച്ചുപോയി.