കൊല്ലം | 22 കാരിയായ വിസ്മയ വി. നായരുടെ സ്ത്രീധന മരണക്കേസില്‍ ശിക്ഷിക്കപ്പെട്ട കിരണ്‍ കുമാറിന് സുപ്രീം കോടതി ഇടക്കാല ജാമ്യം അനുവദിച്ചു. കേരള ഹൈക്കോടതിയില്‍ അപ്പീല്‍ പരിഗണനയിലിരിക്കെ, ശിക്ഷ താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനും ശിക്ഷയില്‍ ഇളവ് നല്‍കാനും സുപ്രീം കോടതി നിര്‍ദ്ദേശിച്ചു.
സംസ്ഥാന സര്‍ക്കാര്‍ മുന്‍ ജീവനക്കാരനായ കുമാര്‍, ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കുന്നത് സംബന്ധിച്ച് തീരുമാനമെടുക്കുന്നതുവരെ തന്റെ തടവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് സുപ്രീം കോടതിയെ സമീപിച്ചത്. സുപ്രീം കോടതിയുടെ വിധിയിലൂടെ ശിക്ഷ മരവിപ്പിച്ചതോടെ കിരണ്‍കുമാര്‍ ജാമ്യത്തിലിറങ്ങി.
2021 ജൂണ്‍ 21 ന്, ആയുര്‍വേദ വിദ്യാര്‍ത്ഥിനിയായ വിസ്മയയെ കൊല്ലത്തെ ശാസ്താംകോട്ടയിലെ ഭര്‍ത്താവിന്റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്ത്രീധന പീഡനവും ശാരീരിക ആക്രമണം ഉള്‍പ്പെടെയുള്ള ഗാര്‍ഹിക പീഡനവും മൂലമാണ് വിസ്മയയുടെ ആത്മഹത്യ. മരണത്തിനുമുമ്പ് കുടുംബത്തിന് അയച്ച വാട്ട്സ്ആപ്പ് സന്ദേശങ്ങളും ഫോട്ടോകളുമെല്ലാം തെളിവായി മാറി. അന്വേഷണത്തിനൊടുവില്‍, കിരണ്‍ കുമാര്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തി 2022 മെയ് മാസത്തില്‍ ശിക്ഷ വിധിച്ചു. കോടതി 12.55 ലക്ഷം പിഴയും ചുമത്തി, അറസ്റ്റിന് ശേഷം അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ സ്ഥാനത്ത് നിന്ന് കിരണ്‍കുമാറിനെ സര്‍ക്കാര്‍ പിരിച്ചുവിടുകയും ചെയ്തിരുന്നു.