വാഷിങ്ടണ്‍ | ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക സ്വീകരിച്ച ആദ്യവ്യക്തി റിക്ക് സ്ലേമാന്‍ (62) രണ്ടു മാസത്തിനുശേഷം മരിച്ചു. മാറ്റിവച്ച വൃക്കയുടെ പ്രവര്‍ത്തനം മുടങ്ങിയതാണോ മരണകാരണമെന്ന് ഇനിയും സ്ഥിരീകരിച്ചിട്ടില്ല. മാസച്യുസെറ്റ്സ് ജനറല്‍ ഹോസ്പിറ്റലില്‍ മാര്‍ച്ചിലായിരുന്നു സ്ലേമാന്റെ വൃക്ക മാറ്റിവെച്ചത്. എന്നാല്‍, വൃക്കമാറ്റിവെക്കലാണ് മരണകാരണം എന്നതിന് സൂചനയില്ലെന്ന് യു.എസിലെ ബോസ്റ്റണിലുള്ള മാസ് ജനറല്‍ ആശുപത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
ശസ്ത്രക്രിയയ്ക്കു മു്പ് ഏഴു വര്‍ഷത്തോളം ഇയാള്‍ ഡയാലിസിസ് ചികിത്സയിലായിരുന്നു. ടൈപ്പ് 2 പ്രമേഹവും രക്താതിസമ്മര്‍ദവും അനുഭവിച്ചിരുന്ന സ്ലേമാന്റെ വൃക്കകളിലൊന്ന് 2018-ല്‍ മാറ്റിവെച്ചിരുന്നു. മനുഷ്യവൃക്കയാണ് അന്നുപയോഗിച്ചത്. അതും പ്രവര്‍ത്തിക്കാതായതോടെയാണ് ജനിതകമാറ്റം വരുത്തിയ പന്നിവൃക്ക വെച്ചത്. മാസച്യുസെറ്റ്സിലെ ബയോടെക് കമ്പനിയായ ഇജെനസിസാണ് ഇതിനുള്ള പന്നിവൃക്ക നല്‍കിയത്. ഹാനികരമായ പന്നി ജീനുകള്‍ നീക്കി ചില മനുഷ്യജീനുകള്‍ ചേര്‍ത്താണ് അത് മാറ്റിവെക്കലിന് സജ്ജമാക്കിയത്.