തിരുവനന്തപുരം | ഇരുചക്ര വാഹനങ്ങളും ടോള്‍ നികുതി വ്യവസ്ഥയുടെ കീഴില്‍ കൊണ്ടുവരുമെന്ന മാധ്യമ റിപ്പോര്‍ട്ടുകള്‍ കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരി നിഷേധിച്ചു. ഇത്തരം അവകാശവാദങ്ങള്‍ ‘തെറ്റിദ്ധരിപ്പിക്കുന്നതാണ്’ എന്നായിരുന്നു കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രി നിതിന്‍ ഗഡ്കരിയുടെ പ്രതികരണം. സോഷ്യല്‍മീഡിയാ പ്ലാറ്റ്ഫോമായിലൂടെയാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
‘ചില മാധ്യമ സ്ഥാപനങ്ങള്‍ ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ നികുതി ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ച് തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നു. അത്തരമൊരു തീരുമാനമൊന്നും നിര്‍ദ്ദേശിച്ചിട്ടില്ല. ഇരുചക്ര വാഹനങ്ങള്‍ക്ക് ടോള്‍ ഇളവ് പൂര്‍ണ്ണമായും തുടരും” – ഇതായിരുന്നു പോസ്റ്റ്.
ജൂലൈ 15 മുതല്‍ ഇരുചക്ര വാഹനങ്ങള്‍ ഫാസ്റ്റ് ടാഗ് വഴി ടോള്‍ അടയ്ക്കണമെന്നും പാലിക്കാത്തതിന് 2,000 പിഴ ഈടാക്കുമെന്നും ദേശീയമാധ്യമങ്ങളുടെ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടിയാണ് മന്ത്രി പോസ്റ്റിട്ടത്. രൂക്ഷമായ ഭാഷയിലാണ് അദ്ദേഹം മാധ്യമങ്ങളെ വിമര്‍ശിച്ചത്.
‘സത്യം പരിശോധിക്കാതെ തെറ്റിദ്ധരിപ്പിക്കുന്ന വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് ഒരു സംവേദനം സൃഷ്ടിക്കുന്നത് ആരോഗ്യകരമായ പത്രപ്രവര്‍ത്തനത്തിന്റെ ലക്ഷണമല്ല. ഞാന്‍ ഇതിനെ അപലപിക്കുന്നു’ – അദ്ദേഹം ചൂണ്ടിക്കാട്ടി. ഓഗസ്റ്റ് 15 മുതല്‍ ലഭ്യമാകുന്ന സ്വകാര്യ വാഹനങ്ങള്‍ക്കായി ഫാസ്റ്റ് ടാഗ് അടിസ്ഥാനമാക്കിയുള്ള വാര്‍ഷിക ടോള്‍ പാസിനെക്കുറിച്ച് മന്ത്രാലയം അടുത്തിടെ പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഈ വിശദീകരണം.