ന്യൂഡല്‍ഹി : രാജ്യത്തിന്റെ ദൃഢനിശ്ചയങ്ങള്‍ നിറവേറ്റുന്നതിന്, ശ്രീനാരായണ ഗുരു പകര്‍ന്ന് നല്കിയ പാഠങ്ങള്‍ ജനങ്ങളിലേക്ക് വ്യാപിപ്പിക്കണമെന്നും കേന്ദ്ര സര്‍ക്കാര്‍ ഈ ദിശയില്‍ സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി.
ശിവഗിരി സര്‍ക്യൂട്ട് സൃഷ്ടിച്ചുകൊണ്ട് ശ്രീ നാരായണ ഗുരുവിന്റെ ജീവിതവുമായി ബന്ധപ്പെട്ട തീര്‍ത്ഥാടന സ്ഥലങ്ങളെ ഞങ്ങള്‍ ബന്ധിപ്പിക്കുന്നു. അമൃതകാലത്തേക്കുള്ള നമ്മുടെ യാത്രയില്‍ അദ്ദേഹത്തിന്റെ അനുഗ്രഹങ്ങളും ഉപദേശങ്ങളും രാജ്യത്തെ തുടര്‍ന്നും നയിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. വികസിത ഇന്ത്യ എന്ന സ്വപ്നം നമുക്ക് ഒരുമിച്ച് സാക്ഷാത്കരിക്കാമെന്നും പ്രധാനമന്ത്രി പറഞ്ഞു. ഡല്‍ഹിയിലെ വിജ്ഞാന് ഭവനില്‍ നടന്ന മഹാത്മാഗാന്ധിശ്രീനാരായണഗുരു കൂടിക്കാഴ്ചയുടെ ശതാബ്ദിയാഘോഷ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
രാജ്യത്തിനും സമൂഹത്തിനും വേണ്ടി ജോലി ചെയ്യുന്നവര്‍ക്ക് ശ്രീനാരായണഗുരു പ്രകാശസ്തംഭമാണെന്നും സമൂഹത്തിനായി തീരുമാനങ്ങളെടുക്കുമ്പോള്‍ ഗുരുദേവനെ ഓര്‍ക്കാറുണ്ടെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രസംഗത്തില്‍ വ്യക്തമാക്കി. രാജ്യ ചരിത്രത്തിലെ അത്ഭുതകരമായ ഒരു ചരിത്രത്തെ ഓര്‍മ്മപ്പെടുത്തുന്ന ദിനമാണിന്ന്. മഹാത്മാഗാന്ധി-ശ്രീനാരായണഗുരു കൂടിക്കാഴ്ച സ്വാതന്ത്ര്യ പ്രക്ഷോഭത്തിന് പുതിയ ദിശാബോധം നല്കി. അവരുടെ കൂടിക്കാഴ്ചയ്ക്ക് ഇന്നും പ്രാധാന്യമുണ്ടെന്നും അത് വികസിത ഭാരതത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് ഇന്നും ഉര്‍ജ്ജം പകരുന്നുണ്ടെന്നും ഗുരുവിന്റെ ആശയങ്ങള്‍ മനുഷ്യ സമൂഹത്തിന് വലിയ മുതല്‍ക്കൂട്ടാണെന്നും പ്രധാനമന്ത്രി പറഞ്ഞു. ശ്രീനാരായണ ധര്‍മ സംഘം ട്രസ്റ്റ് ജനറല്‍ സെക്രട്ടറി സ്വാമി സച്ചിദാനന്ദ സമ്മേളനത്തിന് അധ്യക്ഷത വഹിച്ച്. കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് മുഖ്യാതിഥിയായി.