ന്യൂഡല്‍ഹി | അടിയന്തര നിര്‍ബന്ധിത പരിശോധനകള്‍ നടത്താതെ മൂന്ന് എയര്‍ബസ് വിമാനങ്ങള്‍ പ്രവര്‍ത്തിപ്പിച്ച എയര്‍ഇന്ത്യയ്ക്ക് മെയ്മാസത്തില്‍ തന്നെ സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ താക്കീത് നല്‍കിയിരുന്നതായി റിപ്പോര്‍ട്ട്. വ്യോമ സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാണ് എയര്‍ ഇന്ത്യയ്ക്ക് ഔദ്യോഗിക മുന്നറിയിപ്പ് നല്‍കിയത്.
മെയ് മാസത്തില്‍ നടത്തിയ സ്പോട്ട് ചെക്കുകളെ അടിസ്ഥാനമാക്കിയുള്ള ഡിജിസിഎ റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാകുന്നത്. പരിശോധനകളില്‍ എസ്കേപ്പ് സ്ലൈഡുകളുടെ ‘നിര്‍ണ്ണായക ഉപകരണങ്ങളില്‍’ കാലഹരണപ്പെട്ടവ കണ്ടെത്തിയിരുന്നു. സുരക്ഷാ പരിശോധന ഇല്ലാതെ ഒരു എയര്‍ബസ് എ 320 ഒരു മാസത്തിലധികം ദുബായ്, റിയാദ്, ജിദ്ദ തുടങ്ങിയ അന്താരാഷ്ട്ര ലക്ഷ്യസ്ഥാനങ്ങളിലേക്ക് പറത്തി. ആഭ്യന്തര റൂട്ടുകളില്‍ പറക്കുന്ന മറ്റൊരു എയര്‍ബസ് എ319 സുരക്ഷാ പരിശോധന ഇല്ലാതെ മൂന്ന് മാസത്തിലധികം പറന്നു.
സമയബന്ധിതമായി സുരക്ഷാ ചട്ടങ്ങള്‍ പാലിക്കുന്നതില്‍ എയര്‍ ഇന്ത്യ പരാജയപ്പെട്ടവെന്നാണ് കണ്ടെത്തിയത്. തുടര്‍ന്നാണ് സിവില്‍ ഏവിയേഷന്‍ ഡയറക്ടറേറ്റ് ജനറല്‍ മുന്നറിയിപ്പ് നോട്ടീസുകള്‍ നല്‍കിയത്.
2022 ല്‍ ടാറ്റ ഗ്രൂപ്പ് ഏറ്റെടുത്ത എയര്‍ ഇന്ത്യ, എല്ലാ അറ്റകുറ്റപ്പണി രേഖകളുടെയും പരിശോധന ”ത്വരിതപ്പെടുത്തുന്നു” എന്നും ഉടന്‍ തന്നെ പ്രക്രിയ പൂര്‍ത്തിയാക്കുമെന്നും മറുപടി നല്‍കുകയും ചെയ്തിരുന്നു.
കഴിഞ്ഞയാഴ്ചയാണ് എയര്‍ ഇന്ത്യ ബോയിംഗ് 787-8 വിമാനം അഹമ്മദാബാദില്‍ അപകടത്തില്‍പെട്ട് കത്തിയമര്‍ന്നത്.