ന്യൂഡല്‍ഹി | അഹമ്മദാബാദില്‍ എയര്‍ ഇന്ത്യ വിമാനം എഐ-171 തകര്‍ന്നുവീണ സംഭവത്തില്‍ അന്വേഷണം തുടരുന്നതിനിടെ, വിമാനത്തിന്റെ ബ്ലാക്ക് ബോക്സിന് സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ടെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ഡാറ്റ വീണ്ടെടുക്കാനായി ബ്ലാക്ക് ബോക്സ് അമേരിക്കയിലേക്ക് അയക്കാന്‍ തീരുമാനം. ഡിജിറ്റല്‍ ഫ്‌ലൈറ്റ് ഡാറ്റ റെക്കോര്‍ഡറില്‍ നിന്നുള്ള ഡാറ്റ വാഷിംഗ്ടണ്‍ ആസ്ഥാനമായുള്ള നാഷണല്‍ ട്രാന്‍സ്പോര്‍ട്ടേഷന്‍ സേഫ്റ്റി ബോര്‍ഡിന്റെ ലബോറട്ടറിയിലേക്കാകും അയക്കുക.
അപകടത്തിന് രണ്ട് ദിവസത്തിന് ശേഷം കണ്ടെത്തിയ റെക്കോര്‍ഡറിന് കനത്ത കേടുപാടുകള്‍ സംഭവിച്ചതിനാല്‍ ഇന്ത്യയില്‍ നിന്ന് ഡാറ്റ വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. കൊല്ലപ്പെട്ടവരില്‍ 53 ബ്രിട്ടീഷ് പൗരന്മാരുണ്ടായിരുന്നതിനാല്‍, ബ്രിട്ടനും ഈ അന്വേഷണത്തില്‍ പങ്കുചേരും. യുണൈറ്റഡ് കിംഗ്ഡത്തിന്റെ വ്യോമ അപകട അന്വേഷണ ബ്രാഞ്ചാണ് അന്വേഷണത്തിന്റെ ഭാഗമാകുന്നത്.