ന്യൂയോര്‍ക്ക് | അമേരിക്കന്‍ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപിനെ അധികാരത്തിലെത്തിക്കാന്‍ കിണഞ്ഞു പരിശ്രമിച്ചയാളാണ് കോടീശ്വനും ബിസിനസുകാരനുമായ എലോണ്‍ മസ്‌ക്. എന്നാല്‍ ട്രംപ് ഭരണം തുടങ്ങിയതോടെ മസ്‌കുമായി ഇടഞ്ഞു. ട്രംപിന്റെ എടുത്തുചാടിയുള്ള ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരേ എലോണ്‍ മസ്‌കും രംഗത്തുവന്നു.
വണ്‍ ബിഗ് ബ്യൂട്ടിഫുള്‍ ബില്‍’ എന്ന് വിളിക്കപ്പെടുന്ന ട്രംപിന്റെ വിപുലമായ നിയമനിര്‍മ്മാണ നിര്‍ദ്ദേശത്തെ മസ്‌ക് കടുത്ത ഭാഷയില്‍ വിമര്‍ശിച്ചതാണ് അമേരിക്കന്‍ പ്രസിഡണ്ടും മസ്‌കും തമ്മിലുള്ള സൗഹൃദം വഷളാക്കിയത്. സ്പേസ് എക്സിന്റെ ഡ്രാഗണ്‍ ബഹിരാകാശ പേടകം പിന്‍വലിക്കുമെന്ന് മസ്‌ക് പ്രഖ്യാപിച്ചതോടെ തര്‍ക്കം കൂടുതല്‍ വഷളായി. മസ്‌കിന്റെ കമ്പനികളുമായി ബന്ധപ്പെട്ട എല്ലാ സര്‍ക്കാര്‍ കരാറുകളും റദ്ദാക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയതോടെ ഇരുവരും തമ്മില്‍ ആജന്മ ശത്രുതയിലേക്ക് നീങ്ങുകയായിരുന്നു.
ഗവണ്‍മെന്റ് എഫിഷ്യന്‍സി ഡിപ്പാര്‍ട്ട്മെന്റിലെ സ്ഥാനം രാജിവച്ചതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് എലോണ്‍ മസ്‌കും ഡൊണാള്‍ഡ് ട്രംപും തമ്മിലുള്ള തര്‍ക്കം ആരംഭിച്ചത്. തുടര്‍ന്ന് മസ്‌കില്‍ താന്‍ നിരാശനാണെന്ന് ട്രംപ് പ്രതികരിച്ചു . പിന്നാലെ തന്റെ പിന്തുണയില്ലായിരുന്നെങ്കില്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടി തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമായിരുന്നുവെന്ന് മസ്‌ക് വെളിപ്പെടുത്തി. തുടര്‍ന്ന് ഇരുവരും തമ്മിലുള്ള സംഘര്‍ഷം മൂര്‍ച്ഛിക്കുകയായിരുന്നു.
ഇതിനു പിന്നാലെയാണ് എലോണ്‍ മസ്‌ക് ട്രംപിനെതിരേ എക്‌സില്‍ ഒരു പോസ്റ്റിട്ടത്. അമേരിക്കയില്‍ ഏറെ വിവാദങ്ങള്‍ സൃഷ്ടിച്ച എപ്സ്റ്റീന്‍ കേസുമായി ബന്ധപ്പെട്ട ഫയലില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പേര് ഉള്‍പ്പെട്ടിട്ടുണ്ട് എന്നായിരുന്നു കഴിഞ്ഞദിവസം മസ്‌ക് പോസ്റ്റ് ചെയ്തിരുന്നത്. ട്രമ്പിന്റെ പേര് ഉള്ളതിനാലാണ് ഈ ഫയലുകള്‍ അമേരിക്ക രഹസ്യമായി സൂക്ഷിക്കുന്നത് എന്നും മസ്‌ക് ആരോപിച്ചു
എന്നാലിന്ന് ഈ വിവാദ വെളിപ്പെടുത്തല്‍ നടത്തിയ എക്‌സ് പോസ്റ്റ് എലോണ്‍ മസ്‌ക് പിന്‍വലിച്ചു. ഇതിനുപിന്നിലെ രഹസ്യം എന്തെന്ന് വരുംദിവസങ്ങളില്‍ അറിയാനാകുമെന്നാണ് ലേകാം പ്രതീക്ഷിക്കുന്നത്. പ്രസിഡന്റ് ട്രംപും ലോകം ആദരിക്കുന്ന ബിസിനസ് ശൃംഖല കെട്ടിപ്പടുത്ത ഇലോണ്‍ മസ്‌കും വീണ്ടും മച്ചമ്പിമാരാകുന്നതും അടിച്ചുപിരിയുന്നതും അമേരിക്കയിലും ബിസിനസ് ലോകത്തും വലിയ മാറ്റങ്ങള്‍ ഉണ്ടാക്കുമെന്നതിനാലാണ് ഈ ബന്ധം ചര്‍ച്ചയാകുന്നതും.
‘