മലപ്പുറം | നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സര്‍ക്കാര്‍ ക്ഷേമപെന്ഷന് കുടിശ്ശിക വിതരണം ചെയ്യാനുള്ള സര്‍ക്കാര്‍ നീക്കത്തെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ് വിഡി സതീശന്. അങ്ങനെ ക്ഷേമപെന്ഷന് കുടിശ്ശിക വിതരണം നടത്തിയാല്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പാവപ്പെട്ടവര്‍ പെന്ഷന് തുകയ്ക്കായി കാത്തുനില്ക്കുമ്പോള് അതുകൊടുക്കരുതെന്ന് പറയാന്‍ ആര്‍ക്കെങ്കിലും ആകുമോ?. എന്നാല്‍ പാവപ്പെട്ടവന്റെ കഷ്ടപ്പാടിനെയും ദുരിതത്തെയും രാക്ട്രീയമുതലെടുപ്പ് നടത്താന്‍ ശ്രമിച്ചാല്് ചൂണ്ടിക്കാണിക്കും വി.ഡി. സതീശന് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
എല്‍ഡിഎഫ് പ്രചാരണം ഇവിടെ നയിക്കുന്നത് സിപിഎം നേതാവ് എ വിജയരാഘവനാണ്. മലപ്പുറം ജില്ലയെ അധിക്ഷേപിച്ച് ഒരുഡസനിലേറെ തവണയാണ് അദ്ദേഹം പ്രസ്താവന നടത്തിയത്. പ്രിയങ്ക ഗാന്ധി വന്‍വിജയം നേടിയത് വര്‍ഗീയ വാദികള്‍ വോട്ട് നല്‍കിയിട്ടാണെന്നാണ് സിപിഎം നേതാവ് പറഞ്ഞത്. വിജയരാഘവന് ആ വാദത്തില്‍ ഇപ്പോഴും ഉറച്ചുനില്‍ക്കുന്നുണ്ടോയെന്നും വിഡി സതീശന് ചോദിച്ചു. മലപ്പുറം ജില്ലക്കാരെ മുഖ്യമന്ത്രിയും സിപിഎം നേതാക്കളും നിരന്തരം അധിക്ഷേപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.