തിരുവനന്തപുരം | ഒരു വ്യക്തി പ്രതിവര്‍ഷം 40,000 മുതല്‍ 10 ദശലക്ഷം വരെ പ്ലാസ്റ്റിക് കണികകള്‍ അകത്താക്കുമെന്ന് പഠനങ്ങള്‍. ഇത് ഗ്ലൂക്കോസ് വ്യതിയാനത്തിനും കരള്‍ ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ക്ക് ദോഷമുണ്ടാക്കുന്നൂരെന്നും പഠനറിപ്പോര്‍ട്ടില്‍ പറയുന്നു.
ഫ്ലോറിഡയിലെ ഒര്‍ലാന്‍ഡോയില്‍ നടന്ന അമേരിക്കന്‍ സൊസൈറ്റി ഫോര്‍ ന്യൂട്രീഷന്‍ കോണ്‍ഫറന്‍സില്‍ അവതരിപ്പിച്ച ഗവേഷണത്തിലാണ് ഇക്കാര്യം പറയുന്നത്. ഭക്ഷണപാനീയങ്ങളില്‍ വിഷബാധയേക്കാള് ദോഷകരമായ പ്ലാസ്റ്റിക്കുകള്‍ ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണെന്നാണ് ഗവേഷണപഠനത്തില്‍ തെളിയുന്നത്.
”ഭക്ഷണപാനീയങ്ങളില്‍ കാണപ്പെടുന്ന മൈക്രോസ്കോപ്പിക് പ്ലാസ്റ്റിക് കണികകള്‍ ഗ്ലൂക്കോസ് മെറ്റബോളിസത്തെ ബാധിക്കുകയും കരള്‍ പോലുള്ള അവയവങ്ങളെ ദോഷകരമായി ബാധിക്കുകയും ചെയ്യും” – ഡേവിസിലെ കാലിഫോര്‍ണിയ സര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ പറയുന്നു.
പോളിസ്റ്റൈറൈന്‍ നാനോപ്ലാസ്റ്റിക്സ് കഴിക്കുന്നത് ഗ്ലൂക്കോസ് വ്യതിയാനത്തിനും അസഹിഷ്ണുതയ്ക്കും കരള്‍ തകരാറിനും കാരണമാകുമെന്നാണ് കണ്ടെത്തല്‍. ഇത് എലികളില്‍ നടത്തിയ പരീക്ഷണത്തിലൂടെയാണ് തെളിയിച്ചത്. നാനോപ്ലാസ്റ്റിക്സിന് വിധേയമായ എലികളെ മൃഗ മാതൃകകളില്‍ സമ്പര്‍ക്കം പുലര്‍ത്താത്ത എലികളുമായി താരതമ്യം ചെയ്ത ശേഷമാണ് പഠനറിപ്പോര്‍ട്ട് തയ്യാറാക്കിയതെന്ന്
കാലിഫോര്‍ണിയ ഡേവിസ് സര്‍വകലാശാലയിലെ ആമി പാര്ക്ക്ഹഴ്സ്റ്റ് പറഞ്ഞു.
”ഭക്ഷണപാനീയങ്ങളിലൂടെ ഒരാള്‍ പ്രതിവര്‍ഷം 40,000 മുതല്‍ 50,000 വരെ മൈക്രോപ്ലാസ്റ്റിക് കണികകള്‍ അകത്താക്കുമെന്ന് പഠനങ്ങള്‍ കണക്കാക്കുന്നു, ചിലര്‍ പ്രതിവര്‍ഷം 10 ദശലക്ഷം കണികകള്‍ വരെ കഴിക്കുന്നുണ്ടെന്നും വ്യക്തമായിട്ടുണ്ട്. ” – പഠനസംഘം വെളിപ്പെടുത്തി.
ഫ്രാന്സോളം വലിപ്പമുള്ള വടക്കന്‍ പസഫിക് സമുദ്രത്തിലെ ഗ്രേറ്റ് പസഫിക് മാലിന്യ പാച്ച് എന്നറിയപ്പെടുന്ന സമുദ്ര അവശിഷ്ടങ്ങളുടെ ശേഖരം ഉള്‍പ്പെടെ, പ്ലാസ്റ്റിക് മലിനീകരണത്തിന്റെ അളവ് വര്‍ദ്ധിക്കുന്നത് പ്ലാസ്റ്റിക് മൈക്രോപ്ലാസ്റ്റിക്സ്, നാനോപ്ലാസ്റ്റിക്സ് എന്നറിയപ്പെടുന്ന ചെറിയ കഷ്ണങ്ങളായി വിഘടിക്കുന്നതിലേക്ക് നയിക്കുന്നു. സ്വാഭാവിക പരിതസ്ഥിതിയിലുള്ള മൃഗങ്ങള്‍ ഈ കഷണങ്ങള്‍ ഭക്ഷിക്കുകയും മറ്റ് ജീവികള്‍ അവയെ ഭക്ഷിക്കുകയും ചെയ്യുന്നു. ഇതിലൂടെ മനുഷ്യരുടെ ഭക്ഷ്യ ശൃംഖലയിലേക്കും ഇവ എത്തപ്പെടുന്നതായും ഗവേഷകര്‍ ചൂണ്ടിക്കാട്ടി.