വാഷിംഗ്ടണ്‍ | യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 51-ാമത്തെ സംസ്ഥാനമായി മാറാനുള്ള ഓഫര്‍ കാനഡ പരിഗണിക്കുകയാണ് എന്ന അവകാശവാദമുയര്‍ത്തി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തന്റെ നിര്‍ദ്ദിഷ്ട ‘ഗോള്‍ഡന്‍ ഡോം’ മിസൈല്‍ പ്രതിരോധ സംവിധാനത്തിലേക്ക് കാനഡയ്ക്ക് സൗജന്യ പ്രവേശനം നല്‍കാമെന്നും പകരം യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ 51-ാമത്തെ സംസ്ഥാനമായി മാറണമെന്നുമാണ് ട്രംപ് ആവശ്യപ്പെടുന്നത്. ഇന്നലെ തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമിലൂടെ സംസാരിക്കുന്നതിനിടെയാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
”കാനഡ നമ്മുടെ അതിശയകരമായ ഗോള്‍ഡന്‍ ഡോം സിസ്റ്റത്തിന്റെ ഭാഗമാകാന്‍ വളരെയധികം ആഗ്രഹിക്കുന്നു. പക്ഷേ ഒരു പരമാധികാര രാഷ്ട്രമായി തുടരുകയാണെങ്കില്‍ 61 ബില്യണ്‍ ഡോളര്‍ നല്‍കേണ്ടിവരും. എന്നാല്‍ അവര്‍ നമ്മുടെ പ്രിയപ്പെട്ട 51-ാമത്തെ സംസ്ഥാനമായി മാറിയാല്‍, അതിന് സീറോ ഡോളര്‍ ചിലവാകും” – ട്രംപ് പറയുന്നു.
‘അവര്‍ ഓഫര്‍ പരിഗണിക്കുകയാണ്’ – എന്നും ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഈ പരാമര്‍ശങ്ങള്‍ക്ക് കനേഡിയന്‍ സര്‍ക്കാര്‍ ഇതുവരെ ഔദ്യോഗിക പ്രതികരണം നല്‍കിയിട്ടില്ല. കാനഡ അതിന്റെ പരമാധികാരം ത്യജിക്കുമെന്ന നിര്‍ദ്ദേശം പ്രധാനമന്ത്രി മാര്‍ക്ക് കാര്‍ണി മുമ്പ് നിരസിച്ചിട്ടുണ്ട്. ഈ മാസം ആദ്യം വൈറ്റ് ഹൗസ് സന്ദര്‍ശന വേളയില്‍ തന്റെ രാജ്യം ‘ഒരിക്കലും വില്‍പ്പനയ്ക്കുള്ളതല്ല’ എന്നായിരുന്നു കാനേഡിയന്‍ പ്രധാനമന്ത്രി പറഞ്ഞത്.
ട്രംപിന്റെ ഏറ്റവും പുതിയ പരാമര്‍ശങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധങ്ങളില്‍ വിള്ളല്‍ വീഴ്ത്തിയേക്കും. ഈ വര്‍ഷം ആദ്യം കനേഡിയന്‍ ഉല്‍പ്പന്നങ്ങള്‍ക്ക് ട്രംപ് പുതിയ താരിഫ് ഏര്‍പ്പെടുത്തിയതിനെത്തുടര്‍ന്ന് നിലവിലുണ്ടായ അസ്വാരസ്യങ്ങള്‍ക്കിടെയാണ് കാനഡ യുഎസിനൊപ്പം ചേരണമെന്ന ട്രംപിന്റെ നിര്‍ദ്ദേശം. കഴിഞ്ഞ ആഴ്ചയാണ് ട്രംപ് ഗോള്‍ഡന്‍ ഡോം പദ്ധതി ഉദ്ഘാടനം ചെയ്തത്. മിസൈല്‍ ഭീഷണികളില്‍ നിന്നും യുഎസിനെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടുള്ള 175 ബില്യണ്‍ ഡോളറിന്റെ നിര്‍ദ്ദിഷ്ട മിസൈല്‍ പ്രതിരോധ കവചമാണിത്. 2029-ല്‍ തന്റെ പ്രസിഡന്റിന്റെ കാലാവധി അവസാനിക്കുമ്പോഴേക്കും ഈ സംവിധാനം പൂര്‍ണ്ണമായും പ്രവര്‍ത്തനക്ഷമമാകുമെന്ന് ട്രംപ് പറഞ്ഞു.