തിരുവനന്തപുരം: കെഎസ്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രൈവറുമായി വാക്കേറ്റമുണ്ടായ സംഭവത്തില്‍ മേയര്‍ ആര്യ രാജേന്ദ്രനും ഭര്‍ത്താവ് കെ.എം.സച്ചിന്‍ദേവ് എംഎല്‍എയ്ക്കുമെതിരെ ഗത്യന്തരമില്ലാതെ പോലീസ് കേസെടുത്തു. ഏപ്രില്‍ 27 ന് രാത്രി പത്തരയോടെ പാളയം സാഫല്യം കോംപ്ലക്സിനു സമീപം മേയറും എംഎല്‍എയും ബന്ധുക്കളും സഞ്ചരിച്ച കാര്‍ സീബ്ര ലൈനില്‍ കുറുകെയിട്ടു ബസ് തടഞ്ഞതാണു വിവാദമായത്.
കോടതി നിര്‍ദേശപ്രകാരമാണ് കന്റോണ്‍മെന്റ് പൊലീസിന്റെ നടപടി. മേയറും എംഎല്‍എയും ഉള്‍പ്പെടെ അഞ്ചു പ്രതികളാണ് കേസിലുള്ളത്. ഗതാഗതം തടസപ്പെടുത്തിയതിന് ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്.
ബസ് ഡ്രൈവര്‍ എല്‍.എച്ച്.യദു നേരത്തെ പരാതി നല്‍കിയെങ്കിലും കേസെടുക്കാന്‍ പോലീസ് തയാറായിരുന്നില്ല. യദുവിന്റെ പരാതിയില്‍ കന്റോണ്‍മെന്റ് പോലീസ് അന്വേഷണം തുടങ്ങിയിരുന്നു. എന്നാല്‍, പ്രാഥമികാന്വേഷണ റിപ്പോര്‍ട്ട് (എഫ്ഐആര്‍) റജിസ്റ്റര്‍ ചെയ്തിരുന്നില്ല. യദു സിറ്റി പോലീസ് കമ്മിഷണര്‍ക്കു നിവേദനം നല്‍കിയതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. യദുവിന്റെ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷനും കേസെടുക്കുകയും പോലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
കേസിലെ നിര്‍ണായക തെളിവായ, ബസിലെ സിസിടിവി ക്യാമറാ ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന മെമ്മറി കാര്‍ഡ് നഷ്ടമായതുമായി ബന്ധപ്പെട്ട് തമ്പാനൂര്‍ പോലീസ് കേസെടുത്തു. മന്ത്രി കെ.ബി.ഗണേഷ് കുമാറിന്റെ നിര്‍ദേശപ്രകാരം കെഎസ്ആര്‍ടിസി ജനറല്‍ കണ്‍ട്രോളിങ് ഇന്‍സ്പെക്ടറാണ് പരാതി നല്‍കിയത്.