തിരുവനന്തപുരം | ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും അര്‍ജന്റീന ദേശീയ ടീമും കേരളം സന്ദര്‍ശിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കായിക മന്ത്രി വി. അബ്ദുറഹ്മാന്‍. മെസിയുടെ സന്ദര്‍ശനം നടക്കില്ലെന്ന മട്ടിലുള്ള അഭ്യൂഹങ്ങള്‍ മന്ത്രി തള്ളിക്കളഞ്ഞു. ‘ആശങ്കപ്പെടേണ്ട ആവശ്യമില്ല. ആവശ്യമായ നടപടികള്‍ സ്വീകരിച്ചുവരികയാണ്’ – ഇതായിരുന്നു മാധ്യമങ്ങളോട് മന്ത്രി പറഞ്ഞത്.

അര്‍ജന്റീന കേരളത്തിലേക്ക് യാത്ര ചെയ്യില്ലെന്നും പകരം ചൈനയില്‍ അവരുടെ ഷെഡ്യൂള്‍ ചെയ്ത മത്സരങ്ങള്‍ നടത്തുമെന്നും സൂചിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ക്ക് മറുപടിയായാണ് കായികമന്ത്രി പ്രതികരിച്ചത്. സാമ്പത്തിക പരിമിതികള്‍ മെസിയുടെ സന്ദര്‍ശനം ഉറപ്പാക്കുന്നതില്‍ സംസ്ഥാന സര്‍ക്കാരിന്റെ പങ്ക് പരിമിതപ്പെടുത്തിയിട്ടുണ്ടെന്ന് മന്ത്രി അബ്ദുറഹ്മാന്‍ ചൂണ്ടിക്കാട്ടി.

‘സംസ്ഥാന സര്‍ക്കാരിന് മതിയായ ഫണ്ട് ഉണ്ടായിരുന്നെങ്കില്‍, വിവാദങ്ങള്‍ക്കോ വിമര്‍ശനങ്ങള്‍ക്കോ ഇടമുണ്ടാകുമായിരുന്നില്ല. ഞങ്ങള്‍ അവരെ ഇവിടെ കൊണ്ടുവരുമായിരുന്നു’ – അദ്ദേഹം പറഞ്ഞു. അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനുമായി ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത് കേരള കായിക വകുപ്പാണെന്ന് മന്ത്രി വ്യക്തമാക്കി. ഉയര്‍ന്ന സ്‌പോണ്‍സര്‍ഷിപ്പ് ചെലവ് വഹിക്കാന്‍ സംസ്ഥാനത്തിന് കഴിവില്ലെങ്കിലും, സ്‌പോണ്‍സര്‍മാരായി പ്രവര്‍ത്തിക്കാന്‍ രണ്ട് കമ്പനികള്‍ മുന്നോട്ടുവന്നിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആദ്യത്തെ സ്‌പോണ്‍സര്‍ റിസര്‍വ് ബാങ്കില്‍ നിന്ന് (ആര്‍ബിഐ) അനുമതി നേടിയെടുക്കുന്നതില്‍ പരാജയപ്പെട്ടതാണ് തടസ്സമായത്.

രണ്ടാമത്തെ കമ്പനിയായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിംഗ് കമ്പനി പ്രൈവറ്റ് ലിമിറ്റഡ് സ്‌പോണ്‍സര്‍ഷിപ്പ് ഏറ്റെടുക്കാന്‍ സന്നദ്ധത പ്രകടിപ്പിച്ച് ഒരു ഔപചാരിക നിര്‍ദ്ദേശം സമര്‍പ്പിച്ചു. അതിന്റെ അടിസ്ഥാനത്തില്‍, കേന്ദ്ര കായിക മന്ത്രാലയത്തില്‍ നിന്നും ആര്‍ബിഐയില്‍ നിന്നും ആവശ്യമായ അനുമതികള്‍ ലഭിച്ചൂവെന്നും മന്ത്രി വ്യക്തമാക്കി.

”സര്‍ക്കാര്‍ കഴിയുന്നത് ചെയ്തു. നിയുക്ത സ്‌പോണ്‍സര്‍ പണം നല്‍കുമെന്ന് ഞങ്ങളെ അറിയിച്ചിട്ടുണ്ട്. അതിനാല്‍, മെസ്സി വരില്ലെന്ന് ഞങ്ങള്‍ക്ക് പറയാനാവില്ല. പണം അടിയന്തിരമായി നല്‍കാന്‍ ഞങ്ങള്‍ അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്. കുറച്ച് കാലതാമസം ഉണ്ടാകാം, പക്ഷേ അത്രമാത്രം, ” – കായിക മന്ത്രി വി. അബ്ദുറഹ്മാന്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here