ന്യൂഡല്‍ഹി | കേണല്‍ സോഫിയ ഖുറേഷിയെ അപമാനിക്കുന്ന പരാമര്‍ശത്തില്‍ ബിജെപി മന്ത്രി കുന്‍വര്‍ വിജയ് ഷായ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മധ്യപ്രദേശ് ഹൈക്കോടതി ഉത്തരവിട്ടു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ നടപടിയെടുക്കാന്‍ കോടതി ഡയറക്ടര്‍ ജനറലിനോട് നിര്‍ദ്ദേശിച്ചു.
പത്രവാര്‍ത്തകളെ മാത്രം അടിസ്ഥാനമാക്കിയുള്ളതാണ് കോടതിയുടെ ഉത്തരവ് എന്ന് മന്ത്രിയുടെ അഭിഭാഷകന്‍ വാദിച്ചു. മറുപടിയായി, ഔദ്യോഗിക രേഖയില്‍ വീഡിയോ ലിങ്കുകള്‍ ഉള്‍പ്പെടുത്തുമെന്ന് കോടതി പറഞ്ഞു. അഡ്വക്കേറ്റ് ജനറല്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോള്‍, ജസ്റ്റിസ് അതുല്‍ ശ്രീധരന്റെ വാക്കുകളും ശ്രദ്ധേയമായി. ”ഞാന്‍ നാളെ ജീവിച്ചിരിപ്പുണ്ടാകില്ല” – ഇതായിരുന്നു ആ വാക്കുകള്‍.
മതത്തിന്റെ അടിസ്ഥാനത്തില്‍ വ്യത്യസ്ത ഗ്രൂപ്പുകള്‍ക്കിടയില്‍ ശത്രുത വളര്‍ത്തുന്ന പ്രസംഗങ്ങളോ പ്രവൃത്തികളോ ശിക്ഷാര്‍ഹമാക്കുന്ന ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്)യിലെ സെക്ഷന്‍ 196, പ്രഥമദൃഷ്ട്യാ ബാധകമാണെന്ന് കോടതി നിരീക്ഷിച്ചു.
ഓപ്പറേഷന്‍ സിന്ദൂരിനെക്കുറിച്ച് മാധ്യമങ്ങളെ അറിയിച്ച രണ്ട് വനിതാ ആര്‍മി ഓഫീസര്‍മാരില്‍ ഒരാളായ കേണല്‍ സോഫിയ ഖുറേഷിയെക്കുറിച്ച് മധ്യപ്രദേശ് ഗോത്രകാര്യ മന്ത്രി വിജയ് ഷാ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.
”നമ്മുടെ പെണ്‍മക്കളെ വിധവകളാക്കിയവര്‍ക്ക്, അവരെ ഒരു പാഠം പഠിപ്പിക്കാന്‍ ഞങ്ങള്‍ അവരുടെ സ്വന്തം സഹോദരിയെ അയച്ചു” – ഇതായിരുന്നു ആ പരാമര്‍ശം. തിങ്കളാഴ്ച ഇന്‍ഡോറില്‍ നടന്ന ഒരു പരിപാടിക്കിടെയാണ് ഭാരതീയ ജനതാ പാര്‍ട്ടിയുടെ മന്ത്രിയില്‍ നിന്നുതന്നെ ഇത്തരം പരാമര്‍ശമുണ്ടായത്. ചൊവ്വാഴ്ച മന്ത്രി കുന്‍വര്‍ വിജയ് ഷാ ക്ഷമാപണം നടത്തിയെങ്കിലും വിവാദം കെട്ടടങ്ങിയില്ല.
കേണല്‍ സോഫിയ ഖുറേഷിയെ ലക്ഷ്യം വച്ചുള്ള അപകീര്‍ത്തികരമായ പരാമര്‍ശങ്ങളെ ദേശീയ വനിതാ കമ്മീഷന്‍ ശക്തമായി അപലപിച്ചു. സായുധ സേനയില്‍ സേവനമനുഷ്ഠിക്കുന്ന സ്ത്രീകളോട് ബഹുമാനം കാട്ടണമെന്ന് ദേശീയ വനിതാ കമ്മീഷന്‍ ചൂണ്ടിക്കാട്ടി.